യൂറോ കപ്പ് ഫൈനലിൽ കിരീടത്തിൽ കുറഞ്ഞ ഒന്നു കൊണ്ടും ഇംഗ്ലണ്ടിന് തൃപ്തിപ്പെടാൻ ആകില്ല എന്ന് പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീനോ. ഇത്ര അടുത്ത് എത്തിയ സ്ഥിതിക്ക് അവരുടെ നിരാശ ഇരട്ടിയാകും എന്നും മൗറീനോ പറഞ്ഞു. ഞായറാഴ്ച ഇറ്റലിയെ ആണ് ഇംഗ്ലണ്ട് ഫൈനലിൽ നേരിടേണ്ടത്.
“ഞായറാഴ്ച വെബ്ലിയിൽ ഇംഗ്ലണ്ട് ഇറ്റലിയെ തോൽപ്പിച്ചില്ലെങ്കിൽ അത് അവർക്ക് ഇരട്ട നിരാശയാണ്, കാരണം ഇപ്പോൾ കിരീടം അവരുടെ വളരെ അടുത്താണ് – ഇനി ഒരു മത്സരം മാത്രമാണ് ബാക്കി.” മൗറീനോ പറഞ്ഞു. സെമിയിൽ ഡെന്മാർക്കിനെതിരെ നല്ല പ്രകടനമാണ് ഇംഗ്ലണ്ട് നടത്തിയത് എന്ന് സമ്മതിച്ച മൗറീനോ എന്നാൽ ഇംഗ്ലണ്ടിന് ലഭിച്ച പെനാൾട്ടി തെറ്റായ തീരുമാനം ആയിരുന്നു എന്ന് പറഞ്ഞു.
“ഇംഗ്ലണ്ട് ഡെന്മാർക്കിന് എതിരെ വിജയം അർഹിക്കുന്നു, ഞാൻ ഇംഗ്ലണ്ടിന്റെ വിജയത്തിൽ വളരെ സന്തുഷ്ടനാണ്, എന്നാൽ എന്നെ തെറ്റിദ്ധരിക്കരുത്. റഹീം സ്റ്റെർലിംഗിന് പെനാൽറ്റി നൽകിയതിൽ ഞാൻ നിരാശനാണ്. ഒരുപക്ഷേ ഇംഗ്ലണ്ട് ആരാധകർക്ക് എന്റെ അഭിപ്രായം ഇഷ്ടപ്പെടില്ല. പക്ഷെ അത് ഒരിക്കലും പെനാൽറ്റിയല്ല … ഒരിക്കലും” ജോസെ പറഞ്ഞു.