ഇന്ന് യൂറോ കപ്പിൽ നടക്കുന്ന ആദ്യ പ്രീ ക്വാർട്ടറിൽ വെയിൽസ് ഡെന്മാർക്കിനെ നേരിടും. ആംസ്റ്റർഡാമിൽ ഇന്ന് നടക്കുന്നത് തുല്യ ശക്തികളുടെ പോരാട്ടം ആയിരിക്കും. ഗ്രൂപ്പ് എയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് വെയിൽസ് പ്രി ക്വാർട്ടറിൽ എത്തുന്നത്. ഇറ്റലിയോട് പരാജയപ്പെട്ട വെയിൽസ് തുർക്കിയെ തോല്പിക്കുകയും സ്വിസർലാന്റിനോട് സമനില വഴങ്ങുകയും ചെയ്തിരുന്നു. ഇന്ന് അമ്പാടു സസ്‌പെൻഷൻ കാരണം ഇല്ലാത്തത് മാത്രമാണ് വെയിൽസിനുള്ള തലവേദന. സീനിയർ താരങ്ങളായ ബെയ്ലിന്റെയും റാംസിയുടെയും മികച്ച ഫോമാകും വെയിൽസിന് പ്രതീക്ഷ. യുവവിങ്ങർ ജെയിംസും വെയിൽസിനായി ഇതുവരെ നല്ല പ്രകടനം നടത്തിയിട്ടുണ്ട്.
ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ശേഷം അവസാന മത്സരത്തിൽ റഷ്യക്കെതിരെ ഗംഭീര പ്രകടനം നടത്തി കൊണ്ടായിരുന്നു ഡെൻമാർക്ക് പ്രീ ക്വാർട്ടറിൽ എത്തിയത്. ഗ്രൂപ്പിൽ ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ശേഷം പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യത്തെ ടീമാണ് ഡെൻമാർക്ക്. 2004ന് ശേഷം ആദ്യമായാണ് ഡെൻമാർക്ക് ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. അവസാന മൂന്ന് തവണ കൊമ്പിടിറ്റീവ് മത്സരങ്ങളിൽ വെയിൽസുമായി ഏറ്റുമുട്ടിയപ്പോഴും ഡെൻമാർക്ക് ആയിരുന്നു വിജയിച്ചിരുന്നത്. എറിക്സൻ ഒഴികെ ഡെന്മാർക്കിനെ ബാക്കി എല്ലാ താരങ്ങളും മാച്ച് ഫിറ്റാണ്. ഈ യൂറോയിലെ ടീമായി മാറിയ ഡെന്മാർക്കിന് ആംസ്റ്റർഡാമിലും വലിയ പിന്തുണ ലഭിക്കും എന്നാണ് കരുതുന്നത്.
കഴിഞ്ഞ യൂറോ കപ്പിൽ സെമി ഫൈനലിൽ എത്തിയ വെയിൽസ് ഇത്തവണയും അത്തരത്തിലൊരു കുതിപ്പ് നടത്താൻ ആകുമെന്ന പ്രതീക്ഷയിലാണ്. ഇന്ന് രാത്രി 9.30നാണ് മത്സരം. കളി തത്സമയം സോണി നെറ്റവർക്കിൽ കാണാം.