10,000 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് യോഗ്യത നേടാൻ ആവാതെ ഇതിഹാസ താരം മോ ഫറ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

2020 ടോക്കിയോ ഒളിമ്പിക്സിലേക്ക് 10,000 മീറ്റർ ഓട്ടത്തിൽ യോഗ്യത നേടാൻ ആവാതെ ഇതിഹാസ ബ്രിട്ടീഷ് താരവും മുൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ആയ മോ ഫറ. 2012 ലണ്ടൻ, 2016 റിയോ ഒളിമ്പിക്സുകളിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ ജേതാവ് ആയ നിലവിലെ ഒളിമ്പിക് ജേതാവ് മോ ഫറക്ക് ഒളിമ്പിക്സ് യോഗ്യതക്ക് വേണ്ട സമയത്തിൽ ഓട്ടം പൂർത്തിയാക്കാൻ ആയില്ല. പ്രത്യേകമായി മാഞ്ചസ്റ്ററിൽ നടത്തിയ ബ്രിട്ടീഷ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമത് എത്തിയെങ്കിലും ഫറക്ക് ഒളിമ്പിക് യോഗ്യത സമയം ഭേദിക്കാൻ ആയില്ല. 27 മിനിറ്റ് 28 സെക്കന്റ് ആണ് 10,000 മീറ്ററിലെ ഒളിമ്പിക് യോഗ്യത സമയം അതേസമയം ഫറ 27 മിനിറ്റു 47 സെക്കന്റ് എടുത്തു മാത്രമാണ് ഓട്ടം പൂർത്തിയാക്കിയത്. കണങ്കാലിന് ഏറ്റ പരിക്ക് വകവെക്കാതെ ആണ് ഫറ ഓട്ടത്തിന് ഇറങ്ങിയത്.

ടോക്കിയോ ഒളിമ്പിക് യോഗ്യതക്ക് ആയി ഫറക്ക് ലഭിച്ച അവസാന അവസരം ആയിരുന്നു ഇത്. ഇതോടെ 38 കാരനായ ഇതിഹാസ താരം ടോക്കിയോ ഒളിമ്പിക്സിൽ തന്റെ സ്വർണ മെഡൽ നേട്ടം ആവർത്തിക്കാൻ ഉണ്ടാവില്ല എന്നുറപ്പായി. തന്റെ എല്ലാം മറന്നു ശ്രമിച്ചു എങ്കിലും ഒളിമ്പിക് യോഗ്യത നേടാൻ ആവാത്തത് താരത്തിന് നിരാശ സമ്മാനിച്ചു. 2012, 2016 ഒളിമ്പിക്സിൽ 5,000 മീറ്ററിലും സ്വർണ മെഡൽ ജേതാവ് ആയിരുന്നു മോ ഫറ. ഇതോടെ താരത്തിന്റെ അവസാനത്തെ പ്രകടനം ആയി മാറുമോ മാഞ്ചസ്റ്ററിലേത് എന്ന സംശയം പലരും ഉയർത്തുന്നുണ്ട്. അതേ സമയം ഓട്ടത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി ഫറ നൽകിയില്ല. പ്രയാസമുള്ള തീരുമാനം ആയിരിക്കും അത് എന്നു പറഞ്ഞ ഫറ ഇന്നത്തെ പ്രകടനം അത്ര മികച്ചത് അല്ല എന്നും കൂട്ടിച്ചേർത്തു. മികച്ചവരും ആയി മത്സരിക്കാൻ ആവില്ലെങ്കിൽ താൻ കരിയർ തുടരില്ല എന്ന സൂചനയും ഫറ നൽകി. ഒപ്പം ഇത്രയും ദീർഘ കരിയർ ലഭിച്ചത് ഭാഗ്യം ആണെന്നും ഇതിഹാസ താരം കൂട്ടിച്ചേർത്തു.