യൂറോ കപ്പ് ഗ്രൂപ്പ് ഇയിൽ നിർണായക വിജയവുമായി ബെൽജിയം. ഇന്ന് റൊമാനിയയെ നേരിട്ട ബെൽജിയം എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ മത്സരത്തിൽ സ്ലൊവാക്യക്ക് എതിരെ പരാജയപ്പെട്ട ബെൽജിയത്തിന് ഇന്ന് വിജയം നിർബന്ധമായിരുന്നു. ഇന്ന് ബെൽജിയം വിജയിച്ചതോടെ ഗ്രൂപ്പിലെ നാലു ടീമുകളും 3 പോയിന്റിൽ നിൽക്കുകയാണ്.
ഇന്ന് മത്സരം ആരംഭിച്ച് 2ആം മിനുട്ടിൽ തന്നെ ബെൽജിയം ലീഡ് എടുത്തു. യൂറി ടെയ്ലമെൻസ് ആണ് 83ആം സെക്കൻഡിൽ പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്. ലുകാകുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ആദ്യ പകുതിയിൽ ഈ ലീഡ് നില തുടർന്നു. രണ്ടാം പകുതിയിൽ ലുകാകുവിലൂടെ ബെൽജിയം രണ്ടാം ഗോൾ നേടി എങ്കിലും ആ ഗോൾ നിഷേധിക്കപ്പെട്ടു.
അവസാനം 80ആം മിനുട്ടിൽ കെവിൻ ഡി ബ്രുയിനെയുടെ ഫിനിഷ് ബെൽജിയത്തിന് രണ്ടാം ഗോളിം വിജയവും ഉറപ്പ് നൽകി. ഈ വിജയത്തോടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്ത് ഉണ്ടായിരുന്ന ബെൽജിയം നേരെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. 2 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ ബെൽജിയം, റൊമാനിയ, സ്ലൊവാക്യ, ഉക്രൈൻ എന്നീ നാലു ടീമുകൾക്കും മൂന്ന് പോയിന്റാണ് ഉള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബെൽജിയം ഉക്രൈനെയും സ്ലൊവാക്യ റൊമാനിയയെയും നേരിടും.