മുൻ ഇംഗ്ലീഷ് ഫുട്‌ബോൾ താരവും 1966 ലെ ലോകകപ്പ് വിജയിച്ച ടീമിലെ അംഗവും ആയ നോബി സ്റ്റിൽസ് അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായ സ്റ്റിൽസ് 78 മത്തെ വയസ്സിലാണ് മരണത്തിനു കീഴടങ്ങിയത്. ഇംഗ്ലണ്ടിന് ആയി 28 മത്സരങ്ങളിൽ കളിച്ച താരം 1966 ലെ ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും എല്ലാ മിനിറ്റും കളിച്ച താരം കൂടിയാണ്. ഒരു കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരങ്ങളിൽ ഒരാൾ ആയ സ്റ്റിൽസ് 1968 ലെ ഒരു ഇംഗ്ലീഷ് ക്ലബിന്റെ ആദ്യത്തെ യൂറോപ്യൻ കിരീട നേട്ടത്തിലും പ്രധാന പങ്ക് വഹിച്ച താരമാണ്.
മധ്യനിരയിൽ തന്റെ മികവ് കൊണ്ട് ശ്രദ്ധേയനായ സ്റ്റിൽസ് 1966 ലോകകപ്പ് സെമിഫൈനലിൽ പോർച്ചുഗീസ് ഇതിഹാസം യുസേബിയോയെ പിടിച്ചു കെട്ടിയത് ഇംഗ്ലീഷ് വിജയത്തിൽ മുഖ്യപങ്ക് ആണ് വഹിച്ചത്. 1942 ൽ മാഞ്ചസ്റ്ററിൽ ജയിച്ച നോബി 1960 മുതൽ 1971 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയി കളിച്ചു. ഇംഗ്ലണ്ട് സർ പദവി നൽകി ആദരിച്ച നോബിയുടെ നിര്യാണത്തിൽ പ്രമുഖ ഫുട്‌ബോൾ താരങ്ങളും ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷനും, മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബുകളും അനുശോചനം രേഖപ്പെടുത്തി.