അവിശ്വസനീയം! വിയന്നയിൽ ജ്യോക്കോവിച്ചിനെ അട്ടിമറിച്ച് നാപ്പത്തിരണ്ടാം റാങ്കുകാരൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ. ടി. പി ഇൻഡോർ 500 മാസ്റ്റേഴ്സ് വിയന്ന ഓപ്പണിൽ അവിശ്വസനീയ തോൽവി ഏറ്റുവാങ്ങി ലോക ഒന്നാം നമ്പർ താരമായ നൊവാക് ജ്യോക്കോവിച്ച്. 42 റാങ്കുകാരൻ ആയ യുവ ഇറ്റാലിയൻ താരം ലോറൻസോ സൊനെഗോയാണ് ജ്യോക്കോവിച്ചിനെ വിയന്ന ഓപ്പൺ ക്വാർട്ടർ ഫൈനലിൽ ഞെട്ടിച്ചത്. യോഗ്യതയിൽ പരാജയപ്പെട്ട ശേഷം ഭാഗ്യത്തിന്റെ അകമ്പടിയോടെ ടൂർണമെന്റിൽ എത്തിയ സൊനെഗോ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ടെന്നീസ് ആണ് ഇന്ന് പുറത്ത് എടുത്തത്. ആദ്യ സർവീസ് മുതൽ ജ്യോക്കോവിച്ചിനു പ്രശ്നങ്ങൾ നൽകിയ ഇറ്റാലിയൻ താരം 2 ബ്രൈക്കുകൾ നേടി ആദ്യ സെറ്റ് 6-2 നു നേടിയപ്പോൾ ജ്യോക്കോവിച്ച് തിരിച്ചു വരും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ രണ്ടാം സെറ്റിലും തന്റെ മികവ് നിലനിർത്തുന്ന ഇറ്റാലിയൻ താരത്തെയാണ് തുടർന്നും കണ്ടത്.

രണ്ടാം സെറ്റിൽ ഇരട്ട ബ്രൈക്കുകൾ നേടിയ സൊനെഗോ ജ്യോക്കോവിച്ചിൽ നിന്നു 3 ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു സർവീസ് നിലനിർത്തുന്ന കാഴ്ചയും മത്സരത്തിൽ കാണാൻ സാധിച്ചു. നിരന്തരം പിഴവുകൾ ആവർത്തിച്ച ജ്യോക്കോവിച്ച് വീണ്ടുമൊരു ബ്രൈക്ക് വഴങ്ങി 6-1 നു മത്സരം അടിയറവ് പറഞ്ഞു. 2007 ൽ കിരീടം നേടിയ ശേഷം 13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ജ്യോക്കോവിച്ച് വിയന്ന ഓപ്പണിനു എത്തിയത്. 8 ഏസുകൾ ഉതിർത്ത സൊനെഗോക്ക് എതിരെ 3 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് ജ്യോക്കോവിച്ച് വരുത്തിയത്. ഇത് കരിയറിൽ രണ്ടാം തവണ മാത്രമാണ് 40 തിനു മുകളിൽ റാങ്കിലുള്ള താരത്തോട് ഒന്നാം റാങ്കിൽ എത്തിയ ശേഷം ജ്യോക്കോവിച്ച് തോൽക്കുന്നത്. ഈ വർഷം ഇത് മൂന്നാമത്തെ മാത്രം തോൽവിയാണ് ജ്യോക്കോവിച്ചിനു ഇത്. മത്സരത്തിൽ ഉടനീളം ജ്യോക്കോവിച്ചിനു മേൽ വ്യക്തമായ ആധിപത്യം ആണ് ഇറ്റാലിയൻ താരം പുലർത്തിയത്.

മറ്റൊരു ക്വാർട്ടർ ഫൈനലിൽ രണ്ടാം സീഡും നിലവിലെ ജേതാവും ആയ ഓസ്ട്രിയൻ താരം ഡൊമനിക് തീമും ടൂർണമെന്റിൽ നിന്നു പുറത്തായി. അഞ്ചാം സീഡ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് ആണ് തീമിനെ വീഴ്ത്തിയത്. കടുത്ത പോരാട്ടത്തിൽ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ റൂബ്ലേവ് ഇരട്ട ബ്രൈക്കുകൾ കണ്ടത്തി രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി ഈ വർഷത്തെ തന്റെ അഞ്ചാം സെമിഫൈനലിലേക്ക് മുന്നേറി. സെമിയിൽ നാലാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ അട്ടിമറിച്ചു എത്തുന്ന ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റെഴ്സൻ ആണ് റൂബ്ലേവിന്റെ എതിരാളി. ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി 6-4 നു സെറ്റ് നേടിയ ആന്റെഴ്സൻ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയാണ് സെമിഫൈനൽ ഉറപ്പിച്ചത്.