ഗോളുകളുമായി കെയ്‌നും മൗണ്ടും, അൽബേനിയക്കെതിരെ ജയവുമായി ഇംഗ്ലണ്ട്

Staff Reporter

ഖത്തർ ലോകകപ്പിനുള്ള യോഗ്യത മത്സരത്തിൽ അൽബേനിയക്കെതിരെ ജയവുമായി ഇംഗ്ലണ്ട്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് അൽബേനിയക്കെതിരെ ജയിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്. അൽബേനിയ പോസ്റ്റിലേക്ക് ആദ്യ ശ്രമം നടത്താൻ ഇംഗ്ലണ്ടിന് 33ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു.

എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ലുക് ഷോയുടെ ക്രോസിൽ നിന്ന് ഹാരി കെയ്‌ൻ ഗോൾ നേടി ഇംഗ്ലണ്ടിനെ മുൻപിൽ എത്തിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ഹാരി കെയ്‌നിന്റെ പാസിൽ നിന്ന് മേസൺ മൗണ്ട് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഗോളും നേടി ഇംഗ്ലണ്ട് ജയം ഉറപ്പിക്കുകയായിരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ജയം കൂടിയായിരുന്നു. നിലവിൽ ഗ്രൂപ്പ് ഐയിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.