അവസാന മൂന്ന് മാസമായുള്ള നിയന്ത്രണങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ ഇന്നു മുതൽ കായിക മത്സരങ്ങൾ നടത്താൻ ഗവണ്മെന്റ് അനുമതി നൽകി. ക്രിക്കറ്റ്, ഫുട്ബോൾ, റഗ്ബി തുടങ്ങി എല്ലാ കായിക ഇനങ്ങൾക്കും ഇന്ന് മുതൽ ഈ ഇളവ് ലഭിക്കും. കാണികൾ പാടില്ല എന്ന നിയന്ത്രണം മാത്രമെ ഇപ്പോൾ ഇംഗ്ലണ്ടിൽ ഉള്ളൂ. ഫുട്ബോൾ ക്ലബുകൾ ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഇല്ലാതെ ഒരുമിച്ച് പരിശീലനം നടത്താൻ ഇറങ്ങും.
ഇംഗ്ലണ്ടിലെ പ്രധാന ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് 17ആം തീയതി പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാമ്പ്യൻഷിപ്പും മറ്റു ഫുട്ബോൾ മത്സരങ്ങളും ജൂൺ അവസാനത്തോടെ പുനരാരംഭിക്കും എന്നാണ് കരുതുന്നത്. ക്രിക്കറ്റ് മത്സരങ്ങൾ ജൂലൈയോടെ പുനരാരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. ക്രിക്കറ്റ് താരങ്ങളും പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ്. എന്നാൽ കൊറോണ സാഹചര്യം നിയന്ത്രണ വിധേയമാകാതെ ഇത്തരം നീക്കങ്ങൾ നടത്തുന്നത് ആത്മഹത്യാപരം ആണെന്ന് വിമർശനം ഉയരുന്നുണ്ട്.