ഫിഫ ബെസ്റ്റ് പുരസ്കാരത്തിൽ അർജന്റീനയുടെ ഗോൾ കീപ്പർ എമി മാർട്ടിനസ് മികച്ച ഗോൾ കീപ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മൊറോക്കൻ ഗോൾ കീപ്പർ ബോണോയെയും റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർതോയെയും മറികടന്നാണ് എമി മാർട്ടിനസ് ഈ പുരസ്കാരം സ്വന്തമാക്കിയത്. ഈ കഴിഞ്ഞ ലോകകപ്പിൽ അർജന്റീന ലോകകപ്പ് കിരീടം നേടുന്നതിൽ വലിയ പങ്കുവഹിക്കാൻ എമി മാർട്ടിനസിനായിരുന്നു. ഫൈനലിൽ അവസാന നിമിഷത്തെ സേവും അതു കഴിഞ്ഞുള്ള പെനാൾട്ടി ഷൂട്ടൗട്ടും എല്ലാം ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞ നിമിഷങ്ങളാണ്.
എമി തന്നെ ആയിരുന്നു ലോകകപ്പിൽ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത്. ക്ലബ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയുടെ താരമാണ് എമി മാർട്ടിനസ്. റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർതോ കഴിഞ്ഞ സീസണിൽ റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു. എന്നാൽ താരത്തിന് ലോകകപ്പിൽ കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. മൊറോക്കോ കീപ്പർ ബോണോയ്ക്ക് ഇത് ഒരു ഗംഭീര ലോകകപ്പ് ആയിരുന്നു.