എഡ്വിൻ വാൻ ഡെർ സർ അയാസിന്റെ സിഈഓ സ്ഥാനം രാജി വെച്ചു. ഏകദേശം ഒന്നര പതിറ്റാണ്ടിനിടയിലെ ഡച്ച് ടീമിന്റെ ഏറ്റവും മോശം സീസണിന് പിറകെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്. നീണ്ട പതിനൊന്ന് വർഷകാലം ടീമിന്റെ ബോർഡിൽ പ്രവർത്തിച്ച താൻ ഇപ്പോൾ ക്ഷീണിതനാണ് എന്നും വളരെ കഠിനമായ കാലമാണ് കടന്ന് പോയതെന്നും ഇതിഹാസ താരം പറഞ്ഞു. ജൂൺ ഒന്നൂടെ സ്ഥാനം ഒഴിയുമെങ്കിലും ആഗസ്റ്റ് വരെ ടീമിനോടൊപ്പം തുടരാൻ ബോർഡ് അപേക്ഷിച്ചിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോ അടുത്തെത്തിയതിനാൽ ടീമിന് വാൻ ഡെർ സാറുടെ സാന്നിധ്യം ആവശ്യമാണെന്ന് ബോർഡ് കരുതുന്നു.
“നീണ്ട പതിനൊന്ന് വർഷം വളരെ മനോഹരമായ നിമിഷങ്ങളിലൂടെ കടന്ന് പോയി. എന്നാൽ അതേ സമയം അത് വരെ കഠിനവും ആയിരുന്നു. അയാക്സിലെ തന്റെ ഈ രണ്ടാം കരിയറിൽ കൂടെ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇപ്പൊ തനിക്ക് വിശ്രമം ആവശ്യമാണെന്ന് തോന്നുന്നു. മറ്റ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രികരിക്കണം. ടീമിന്റെ ഭാവിയിൽ ഇനിയും തീരുമാനം എടുക്കുന്നത് ശരിയായി തോന്നുന്നില്ല. അതിനാലാണ് രാജി വെക്കുന്നത്”, ക്ലബ്ബ് വെബ്സൈറ്റിനോട് സംസാരികവെ വാൻ ഡെർ സർ പറഞ്ഞു. അതേ സമയം വാൻ ഡെർ സറുടെ തീരുമാനത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം ടീമിൽ തുടരാനാണ് തങ്ങളുടെ ആഗ്രഹം എന്നും കഴിഞ്ഞ സീസൺ അദ്ദേഹത്തിന്റെ ടീമിലെ പ്രവർത്ഥനങ്ങളുടെ പരിച്ഛേദമായി കാണാൻ കഴിയില്ലെന്നും ബോർഡ് ചെയർമാൻ പിയേർ എറിംഗ പറഞ്ഞു. അതേ സമയം ഇത്തവണ സീസണിൽ വലിയ തിരിച്ചടി ആണ് അയാക്സ് നേരിട്ടത്. ലീഗ് കൈവിട്ടതിന് പുറമെ ഒന്നാം സ്ഥത്തിനും 13 പോയിന്റ് പിറകിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന മത്സരത്തിൽ ട്വന്റെക്കെതിരെ തോൽവി വഴങ്ങിയപ്പോൾ വാൻ ഡെർ സർക്കെതിരെ അടക്കം കാണികൾ പ്രതിഷേധം ഉയർത്തി. ദീർഘകാലത്തിന് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിക്കാതെ പോയതും തിരിച്ചടിയായി.