ന്യൂകാസിൽ: ക്ലബ്ബിന്റെ പ്രധാന താരമായ അലക്സാണ്ടർ ഇസാക്കിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ന്യൂകാസിൽ യുണൈറ്റഡ് പരിശീലകൻ എഡ്ഡി ഹോ. താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ഹോവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കെൽറ്റിക്കിനെതിരായ സൗഹൃദ മത്സരത്തിൽ ഇസാക്ക് കളിക്കാതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണം.
താരത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ കൂടുന്നതിനാൽ, അത്തരം ഒരു സാഹചര്യത്തിൽ കളിക്കാരന് അനാവശ്യ സമ്മർദ്ദം നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, അതുകൊണ്ടാണ് കളിക്കാത്തത് എന്ന് കോച്ച് പറഞ്ഞു.
“അലക്സിനെ നിലനിർത്താൻ ഞങ്ങൾ വളരെയധികം ആഗ്രഹിക്കുന്നു. ബോർഡ് മുതൽ സ്റ്റാഫും കളിക്കാരും വരെ എല്ലാവരും അവനെ വളരെ വിലമതിക്കുന്നു. അവനെപ്പോലെ ഒരു കളിക്കാരനെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്, അതുകൊണ്ട് തന്നെ അവൻ അമൂല്യനാണ്”, ഹോവ് പറഞ്ഞു.
ഇസാക്കിന്റെ ഭാവി പൂർണ്ണമായും ഉറപ്പ് നൽകാൻ കഴിയില്ലെങ്കിലും, താരം സന്തോഷവാനാണെന്നും സീസൺ ആരംഭിക്കുമ്പോൾ അവൻ ഇവിടെയുണ്ടാകുമെന്നും ഹോവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.