2025-ലെ ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ തകർത്ത് ഈസ്റ്റ് ബംഗാൾ എഫ്‌സി സെമിഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.

ഈസ്റ്റ് ബംഗാളിന്റെ വിജയശില്പി ദിമിത്രിയോസ് ഡയമന്റാക്കോസാണ്. ടീമിന്റെ രണ്ട് ഗോളുകളും നേടിയത് ഈ ഗ്രീക്ക് താരമാണ്. ഒരു പെനാൽറ്റി കിക്കിലൂടെയും, മറ്റൊരു ഗോൾ ഓപ്പൺ പ്ലേയിലുമാണ് പിറന്നത്. ഈ വിജയത്തോടെ കൊൽക്കത്തൻ ഡെർബിയിൽ ഒരു വർഷത്തിലേറെയായി ഈസ്റ്റ് ബംഗാളിനുണ്ടായിരുന്ന വിജയില്ലാത്ത അവസ്ഥയ്ക്ക് കൂടിയാണ് അന്ത്യമായത്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അനിരുദ്ധ് ഥാപയിലൂടെ മോഹൻ ബഗാൻ ഒരു ഗോൾ മടക്കിയെങ്കിലും, ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം അവർക്ക് മുന്നിൽ വൻമതിലായി നിന്നു.