ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ബിയിൽ ആദ്യ ജയം സ്വന്തമാക്കി ജംഷദ്പൂർ എഫ്സി. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ നേവിയെയാണ് ഐഎസ്എൽ ടീം പരാജയപ്പെടുത്തിയത്. ആഷ്‌ലി മത്സരത്തിലെ ഒരേയൊരു ഗോൾ കണ്ടെത്തി. തോൽവിയോടെ ടൂർണമെന്റ് ആരംഭിച്ച ജംഷദ്പൂരിന് ഇതോടെ ആദ്യ ജയവും നേടാൻ സാധിച്ചു. രണ്ടാം സ്ഥാനത്ത് മൂന്ന് പോയിന്റുമായുള്ള മൊഹമ്മദൻസിനൊപ്പം എത്താനും അവർക്കായി. ഇന്ത്യൻ നേവിയുടെ തുടർച്ചയായ രണ്ടാം തോൽവി ആണിത്.
ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതെ പോയ ആദ്യ പകുതിയിൽ ലീഡ് എടുക്കാൻ പെനാൽറ്റിയിലൂടെ ജംഷദ്പൂരിന് അവസരം ലഭിച്ചിരുന്നു. ബോക്സിലേക്ക് പന്തുമായി കയറിയ ആഷ്ലിയെ നേവി താരം പ്രധീഷ് ഫൗൾ ചെയ്തതിനാണ് റഫറി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. എന്നാൽ ചൗങ്തുവിന്റെ കിക്ക് തടുത്തു കൊണ്ട് നേവി കീപ്പർ റോബിൻസൻ ടീമിന്റെ രക്ഷക്കെത്തി.
രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ പിറന്നു. ആഷ്‌ലിയുടെ ക്രോസിൽ അസേം സിങ്ങിന്റെ ഹെഡർ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ചു ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. 57ആം മിനിറ്റിൽ നേവിക്ക് ലീഡ് നേടാൻ സുവർണാവസരം വീണു കിട്ടി. നേവി താരം ഹാരി തടയാൻ ബോക്‌സ് വിട്ടു വന്ന ഗോളിയെയും മറികടന്ന് താരം തൊടുത്ത ഷോട്ട് വലയിലേക്ക് കയറി എന്നു പ്രതീക്ഷിച്ചെങ്കിലും രോഹൻ സിങ്ങിന്റെ ഗോൾ ലൈൻ സേവ് ജംഷദ്പൂരിന്റെ രക്ഷക്കെത്തി. 70ആം മിനിറ്റിൽ ജംഷദ്പൂർ ഗോൾ കണ്ടെത്തി കോർണറിൽ നിന്നെത്തിയ പന്തിൽ റോസനസ്വാലാ പോസ്റ്റിന് കണക്കാക്കി ബോൾ ഉയർത്തി നൽകിയപ്പോൾ ഹെഡർ ഉതിർത്ത് ആഷ്‌ലിയാണ് വല കുലുക്കിയത്. പിന്നീട് പോസ്റ്റിന് തൊട്ടു പുറത്തു നിന്നുള്ള താരത്തിന്റെ മറ്റൊരു ഷോട്ട് ലക്ഷ്യം കാണാതെ പോയി. എതിർ താരങ്ങളെ മറികടന്ന് മുന്നേറി ബിവൻ തൊടുത്ത ഷോട്ട് കീപ്പർ തട്ടിയകറ്റി.