ഡൂറണ്ട് കപ്പ്; അട്ടിമറി, ഐഎസ്എൽ ചാമ്പ്യന്മാർക്ക് ആർമി റെഡിനോട് തോൽവി

ഡൂറണ്ട് കപ്പ്; ഡൂറൺയ്യ് കപ്പിൽ ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറി നടന്ന മത്സരത്തിൽ ഐഎസ്എൽ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിക്ക് ആർമി റെഡിനോട് എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവി. ആർമി റെഡിന്റെ ഗ്രൂപ്പിലെ ആദ്യ വിജയമാണിത്. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഹൈദരാബാദിന്റെ ആദ്യ തോൽവിയും.

ഇത് വരെ സമ്പൂർണ്ണ വിജയം നേടി ആത്മവിശ്വാസത്തോടെ കളത്തിൽ ഇറങ്ങിയ ഹൈദരാബാദിന് കാര്യങ്ങൾ കരുതിയ പോലെ എളുപ്പമായില്ല. മുപ്പതിമൂന്നാം മിനിറ്റിലാണ് ആർമി റെഡിന്റെ വിജയ ഗോൾ എത്തിയത്. മത്സരത്തിലെ ഒരേയൊരു ഗോൾ മെയ്തെയി സുരേഷ് സ്വന്തം പേരിൽ കുറിച്ചു. ഗോൾ വഴങ്ങി ആദ്യ പകുതിക്ക് പിരിഞ്ഞ ഹൈദരാബാദിന് രണ്ടാം പകുതിയിലും ഗോൾ കണ്ടെത്താൻ ആയില്ല.

തോൽവി നേരിട്ടെങ്കിലും ഹൈദരാബാദ് ഒൻപത് പോയിന്റുമായി ഗ്രൂപ്പ് സിയിൽ ആദ്യ സ്ഥാനത്ത് തന്നെയാണ്. ആദ്യ വിജയം നേടിയ ആർമി റെഡ് അഞ്ചു പോയിന്റുമായി താൽക്കാലികമായെങ്കിലും രണ്ടാം സ്ഥാനത്തേക്ക് കയറി.