ജയം ലക്ഷ്യമിട്ട് ഗോകുലം നാളെ രണ്ടാം മത്സരത്തിനിറങ്ങും

കല്യാണി: ഡുറണ്ട് കപ്പില്‍ ഗോകുലം കേരളാ എഫ്.സി നാളെ രണ്ടാം മത്സരത്തിനിറങ്ങും. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.

ആദ്യ മത്സരത്തില്‍ റെഡ് ആര്‍മിയോട് 2-2ന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ഗോകുലം നാളെ ജയിക്കാനുറച്ചാണ് മത്സരത്തിനിറങ്ങുന്നത്.

നിലവില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഗോകുലം കേരളാ എഫ്.സി. ഹൈദരബാദ് എഫ്.സി പട്ടികയിലെ രണ്ടാം സ്ഥാനക്കാരാണ്.

ആദ്യ മത്സരത്തില്‍ ആസാം റൈഫിളിനെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് എഫ്.സിയുടെ വരവ്. നാളെ വൈകിട്ട്് മൂന്ന് മണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ അഡ്ഡടൈംസ് ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

ഗോകുലത്തിന്റെ വിദേശ കളിക്കാർ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. ഘാനയിൽ നിന്നുമുള്ള ഫോർവേഡ് റഹീം ഒസുമാനു ഒരു ഗോൾ അടിച്ചിരിന്നു. രണ്ടാം ഗോൾ നേടിയത് വിദേശ താരം എൽവിസിനെ ഫൗൾ ചെയ്തതിനായിരിന്നു.

“ജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവും ഞങ്ങൾക്ക് ഇല്ല. ആദ്യ മത്സരത്തിൽ പ്രതിരോധത്തിലെ ചില പിഴവുകൾ ഞങ്ങൾക്ക് വിനയായി. ഇനി ഉള്ള എല്ലാ മത്സരങ്ങളും വിജയിച്ചു അടുത്ത റൗണ്ടിൽ കയറുകയാണ് ലക്‌ഷ്യം. അതിനു കളിക്കാർ എല്ലാവരും സജ്ജരാണ്,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.