ബെംഗളൂരുവിന് രണ്ട് ഗോൾ, കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് ചുവപ്പ് കാർഡും പരാജയവും

ഡ്യൂറണ്ട് കപ്പിലെ ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും ഏറ്റുമുട്ടിയപ്പോൾ പ്രതീക്ഷിച്ചത് ഒരു നല്ല മത്സരമായിരുന്നു എങ്കിൽ കണ്ടത് വിവാദ മത്സരമായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനങ്ങളാൽ നിറഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കളി അവസാനിപ്പിച്ചത് എട്ടു താരങ്ങളുമായാണ്. മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ചുവപ്പ് കാർഡ് തന്ന റഫറി ബെംഗളൂരു എഫ് സി നേടിയ ഗോളിലെ ഹാൻഡ് ബോളും ഫൗളും കണ്ടതുമില്ല. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു വിജയിച്ചത്.

ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് നല്ല രീതിയിലായിരുന്നു തുടങ്ങിയത്. തുടക്കത്തിൽ ശ്രീകുട്ടന് ഒരു നല്ല അവസരം കിട്ടിയെങ്കിലും ഫ്രീ ആയി നിന്ന ലൂണക്ക് പാസ് നൽകാതെ താരം ഷോട്ട് എടുത്തത് വിനയായി. ലൂണയുടെ ഒരു ഫ്രീകിക്കിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു ഫ്രീകിക്കിൽ നുന്ന് ബൂട്ടിയ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകിയത്. മനോഹരമായ ഫ്രീകിക്ക് ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ശ്രമിച്ച കേരള ബ്ലാസ്റ്റേഴ്സിന് 60ആം മിനുട്ടിൽ ഹൊർമിപാമിനെ ചുവപ്പ് കാർഡ് കാരണം നഷ്ടമായി. ഇതോടെ പത്തു പേരായ കേരള ബ്ലാസ്റ്റേഴ്സ് പതറാൻ തുടങ്ങി. പിന്നാലെ 65ആം മിനുട്ടിൽ മലയാളി താരം ലിയോൺ ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കി. ലിയോണിന്റെ കയ്യിൽ തട്ടി ആയിരുന്നു പന്ത് വലയിൽ എത്തിയത്. ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് കീപ്പർക്ക് എതിരെ ഫൗളും ഉണ്ടായിരുന്നു. പക്ഷെ റഫറി ഗോൾ അനുവദിച്ചു. കളി മുന്നോട്ട് പോകുമ്പോൾ സന്ദീപിനെ റഫറിയോട് തർക്കിച്ചെന്ന് പറഞ്ഞ് റഫറി ചുവപ്പ് കാർഡ് കാണിച്ച് പുറത്തേക്ക് അയച്ചു. പിന്നാലെ 84ആം മിനുട്ടിൽ ധനചന്ദ്രയും ചുവപ്പ് വാങ്ങി പുറത്ത് പോയി. ഇനി ഗ്രൂപ്പിലെ അവസാന മത്സരം വിജയിച്ചാലെ കേരള ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഉറപ്പിക്കാൻ ആകു.