ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ സമനിലയിൽ പിരിഞ്ഞു പഞ്ചാബ് എഫ്സിയും ബംഗ്ലാദേശ് ആർമിയും. കൊൽക്കത്തയിൽ വെച്ചു നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോൾ രഹിതമായി പിരിയുകയായിരുന്നു. ആദ്യ മത്സരത്തിൽ തോൽവിയോടെ ആരംഭിച്ച ബംഗ്ലാദേശ് ടീമിന്റെ തുടർച്ചയായ രണ്ടാം സമനില ആണിത്. പഞ്ചാബിന് ആദ്യ പോയിന്റ് കരസ്ഥമാക്കും ഇന്ന് കഴിഞ്ഞു. ബംഗ്ലാദേശ് ആർമിക്ക് മുന്നോട്ടുള്ള വഴി അടഞ്ഞു കഴിഞ്ഞു. പഞ്ചാബിനും നോക്ഔട്ട് റൗണ്ടിലേക്ക് കടക്കുന്നത് കഠിനം തന്നെ.
ഗോൾ രഹിതമായ മത്സരത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നതും കുറവായിരുന്നു. ലഭിച്ച അവസരങ്ങളിൽ കീപ്പർമാരുടെ കരങ്ങൾ ടീമുകളുടെ രക്ഷക്കത്തി. അഞ്ചാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും ഹെഡർ ഉതിർക്കാനുള്ള പഞ്ചാബ് താരം റിക്കിയുടെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്നു. എതിർ ബോക്സിലേക്ക് എത്തിയ പഞ്ചാബ് നീക്കങ്ങളും ഗോൾ കണ്ടെത്താൻ മാത്രം പോന്നതായിരുന്നില്ല. ഇരു കീപ്പർമാരും മികച്ച സേവുകൾ പുറത്തെടുത്തു. ബംഗ്ലാദേശ് താരം കമ്രുൽ ഇസ്‌ലാമിന്റെ ഒരു തകർപ്പൻ ലോങ് റേഞ്ചർ രവി കുമാർ ലോകോത്തര സെവോടെ തട്ടിയകറ്റി. എതിർ താരങ്ങളെ ഒന്നൊന്നായി മറി കടന്ന് ലാലിംപുയ ബോക്സിനുള്ളിൽ നിന്നും തൊടുത്ത ഷോട്ട് കീപ്പർക്ക് നേരെ ആയിരുന്നു. തൊട്ടു പിറകെ ഹ്വാൻ മിറ തൊടുത്ത ഷോട്ടും പുറത്തേക്ക് തട്ടിയകറ്റി കീപ്പർ അഷ്റഫുൽ ബംഗ്ലാദേശ് ടീമിനെ ഗോൾ വഴങ്ങാതെ കാത്തു.