ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ പോയിന്റ് പങ്കു വെച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡും എഫ്സി ഗോവയും.റൗളിൻ ബോർജെസ്, നോവ സദോയി എന്നിവർ ഗോവക്ക് വേണ്ടി വല കുലുക്കി. മൻവീർ സിങ്ങിന്റെ ഗോളും സന്ദേഷ് ജിങ്കന്റെ സെൽഫ് ഗോളുമാണ് നോർത്ത് ഈസ്റ്റിന് തുണക്കെത്തിയത്. ഇതോടെ ആദ്യ മത്സരം ജയിച്ചിരുന്ന ഇരു ടീമുകളും തുല്യ പോയിന്റുമായി ഗ്രൂപ്പിൽ ആദ്യ സ്ഥാനങ്ങളിൽ തുടരുകയാണ്. ഗോൾ വ്യത്യാസത്തിൽ ഗോവ ആണ് മുൻപിൽ. കൂടാതെ അവസാന മത്സരം ടീമുകൾക്ക് നിർണായകമായിരിക്കുകയാണ്.
തുടക്കത്തിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാതെയാണ് മത്സരം മുന്നേറിയത്. ഗോവ നടത്തിയ ഒരു നീക്കത്തിനൊടുവിൽ വിക്റ്റർ റോഡ്രിഗ്വസിന്റെ പാസ് ഉദാന്തയിൽ എത്താതെ നോർത്ത് ഈസ്റ്റ് കീപ്പർ മിർഷാദ് കൈക്കലാക്കി. 24ആം മിനിറ്റിൽ ധീരജിന്റെ വലിയ പിഴവിൽ നിന്നും ഗോവ ഗോൾ വഴങ്ങി. മൻവീർ സിങ് അടുത്തു വരുന്നത് കണ്ടിട്ടും ബോക്സിന് പുറത്ത് പന്ത് വെച്ചു താമസിപ്പിച്ച കീപ്പർ, എതിർ താരത്തിന് ഗോൾ നേടാൻ അവസരം നൽകുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോവക്ക് സമനില ഗോൾ കണ്ടെത്താനായി. കോർണറിൽ നിന്നെത്തിയ ബോൾ നിലം തൊടുന്നതിന് മുൻപ് വല തുളക്കുന്ന ഷോട്ടുമായി റൗളിൻ ബോർജെസ് ആണ് സ്കോർ തുല്യനിലയിൽ ആക്കിയത്.
അൻപതിയൊന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ലീഡ് തിരിച്ചു പിടിച്ചു. ബോക്സിന്റെ വലത് ഭാഗത്ത് നിന്നും മൻവീർ സിങ്, സുന്ദർ ഗോഗോയിക്ക് കണക്കാക്കി നൽകിയ പാസ് ക്ലിയർ ചെയ്യാനുള്ള സന്ദേഷ് ജിങ്കന്റെ ശ്രമം സ്വന്തം പോസ്റ്റിലാണ് അവസാനിച്ചത്. മുഴുവൻ സമയത്തിന് പത്ത് മിനിറ്റ് ബാക്കി നിൽക്കെ നോവ സദോയിയെ നോർത്ത് ഈസ്റ്റ് ഡിഫെൻസി വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്ക് എടുത്ത താരം അനായാസം ലക്ഷ്യം കണ്ടതോടെ മത്സരം സമനിലയിൽ കലാശിച്ചു.