കിരീടം നിലനിർത്താനായി ഗോകുലം കേരള ഡ്യൂറണ്ട് കപ്പിന് ഒരുങ്ങുന്നു

20210825 204232

കോഴിക്കോട്, ഓഗസ്റ്റ് 25: നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സി സെപ്റ്റംബർ 12 ന് അവരുടെ ഡ്യുറൻഡ് കാമ്പെയ്‌ൻ ആരംഭിക്കും. ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ആർമി റെഡ് ടീമിനെ ആകും ഗോകുലം നേരിടുക. ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകൾ ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നിവയാണ്. ടൂർണമെന്റിൽ നാല് ഗ്രൂപ്പുകളുണ്ട്, ഒരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരായ ടീമും റണ്ണേഴ്സ് അപ്പും സെപ്റ്റംബർ 23-ന് ആരംഭിക്കുന്ന നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിക്കും.

സെപ്റ്റംബർ 12നു മത്സരശേഷം മലബാറിയൻസ് 16 -ന് ഹൈദരാബാദ് എഫ്.സിയെ നേരിടും, സെപ്റ്റംബർ 20 -ന് അസം റൈഫിൾസിനെതിരെയാണ് അവരുടെ അവസാന ഗ്രൂപ്പ് മത്സരം.

2019 ൽ കൊൽക്കത്തയിൽ നടന്ന ഡ്യുറാൻഡ് കപ്പിന്റെ അവസാന പതിപ്പിൽ ജേതാക്കളായ ഗോകുലം കേരള എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്മാർ. എഫ്‌സി കൊച്ചിന് ശേഷം ഡ്യൂറണ്ട് ട്രോഫി ഉയർത്തുന്ന രണ്ടാമത്തെ കേരള ടീമായിരുന്നു മലബാറിയൻസ്.

“ഞങ്ങളിൽ ഒരുപാട് പ്രതീക്ഷകൾ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, കാരണം ഞങ്ങൾ നിലവിലെ ചാമ്പ്യന്മാരാണ്. ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകൾ നിലനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഞങ്ങളുടെ ടീം കഴിഞ്ഞ ഒരു മാസമായി ടൂർണമെന്റിനായി കോഴിക്കോട്ട് ഒരുങ്ങുകയാണ്. ”ജികെഎഫ്‌സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ ആനെസ് പറഞ്ഞു.

ടൂർണമെന്റിൽ പങ്കെടുക്കുന്നത് ടീമിന് നല്ല വെല്ലുവിളിയാകുമെന്ന് പരിശീലകൻ വിശദീകരിച്ചു. “കഴിഞ്ഞ വർഷത്തെ ടീമിൽ നിന്ന് 11 കളിക്കാരെ ഞങ്ങൾ നിലനിർത്തിയിട്ടുണ്ട്, കൂടാതെ 13 പുതിയ കളിക്കാർ ഉണ്ട്. അതിനാൽ ലീഗിൽ കഴിഞ്ഞ വർഷം ഉണ്ടായിരുന്ന അതേ താളം ഉണ്ടായിരിക്കാൻ ഞങ്ങൾ അവരെ മാനസികമായും തന്ത്രപരമായും തയ്യാറാക്കേണ്ടതുണ്ട്. കളിക്കാർക്ക് പരസ്പരം ഏകോപിപ്പിക്കാനും മനസ്സിലാക്കാനും സമയം ആവശ്യമാണ്, ടൂർണമെന്റ് ഞങ്ങളുടെ ഐലീഗ് കാമ്പെയ്‌നിന്റെ ഒരു ലോഞ്ച് പാഡായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”കോച്ച് പറഞ്ഞു.

സെപ്റ്റംബർ 4 ന് നടക്കുന്ന ടൂർണമെന്റിനായി ടീം കോഴിക്കോട് നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Previous articleബ്രസീലിയൻ സെന്റർ ബാക്ക് സതാമ്പ്ടണിൽ എത്തി
Next articleവിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയുടെ സ്കോര്‍ മറികടന്ന് ഇംഗ്ലണ്ട്