ഡ്യൂറന്റ് കപ്പ് ഗ്രൂപ്പ് എയിൽ നിന്നും ഒടുവിൽ പ്രീ ക്വർട്ടറിലേക്ക് ടിക്കറ്റ് എടുത്തത് ഈസ്റ്റ് ബംഗാൾ തന്നെ. നിർണായകമായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് ഈസ്റ്റ് ബംഗാൾ കീഴടക്കുകയായിരുന്നു. തോൽവിയോ സമനിലയോ പോലും ടൂർണമെന്റിലെ ഭാവിക്ക് ഭീഷണി ആവും എന്നതിനാൽ ആദ്യാവസാനം വിജയം തന്നെ ഉന്നമിട്ടാണ് അവർ കളിച്ചത്. ഹാവിയർ സിവേറിയോയുടെ ഗോൾ ആണ് ബംഗാൾ ടീമിന് രക്ഷക്കെത്തിയത്. ഗ്രൂപ്പിൽ ഏഴു പോയിന്റ് ആയ ഈസ്റ്റ് ബംഗാളിന് പിറകിൽ ആറു പോയിന്റുമായി മോഹൻ ബഗാനും ഉണ്ട്.
മത്സരത്തിലെ ആദ്യ അവസരങ്ങളിൽ ഒന്നിൽ ഹുവാൻ മേരയുടെ ഷോട്ട് തടുത്ത് പ്രഭ്സുഖൻ ഗിൽ ഈസ്റ്റ് ബംഗാളിന്റെ രക്ഷക്കെത്തി. ഇരു ഭാഗത്തും കാര്യമായ അവസരങ്ങൾ പിറക്കാതെ പോവുന്നതിനിടെ 22 ആം മിനിറ്റിൽ സിവേറിയോയിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് നേടി. കോർണറിൽ നിന്നും ബോൾ സ്വീകരിച്ചു ബോർഹ ഹെരേര തൊടുത്ത ക്രോസ് താരം ഹെഡറിലൂടെ വലയിൽ എത്തിക്കുകയായിരുന്നു. ഇടവേളക്ക് മുൻപ് സിവേറിയോയുടെ മറ്റൊരു ഹെഡർ ലക്ഷ്യം കാണാതെ പോയി.
രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കുന്നത് കുറവായിരുന്നു. ബോക്സിന് തൊട്ടു പുറത്തു നിന്നും കിട്ടിയ ഫ്രീകിക്കിൽ ക്ലീറ്റൺ സിൽവയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്ന് പോയി. മുഴുവൻ സമയം അവസാനിക്കുന്നതിന് മുൻപ് നന്ദ കുമാറിന്റെ പാസിൽ ബോസ്‌കിനുള്ളിൽ നിന്നുള്ള സിൽവയുടെ ദുർബലമായ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.