ഗോകുലം കേരള എഫ് സി ഇന്ന് ഡ്യൂറണ്ട് കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി ഇറങ്ങും. കേരളം പ്രളയത്താൽ വലയുന്നത് താരങ്ങളെ വിഷമത്തിൽ ആഴ്ത്തിയട്ടുണ്ട് എങ്കിലും അത് മറന്ന് പിച്ചിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ക്ലബിനാകും എന്നാണ് പ്രതീക്ഷ എന്ന് ഗോകുലം പരിശീലകൻ വരേല പറഞ്ഞു. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന കോഴിക്കോടും ടീമിലെ പല മലയാളി താരങ്ങളുടെ നാടും മഴക്കെടുതിയിൽ പെട്ടിട്ടുണ്ട്.
നാടിനെ കുറിച്ച് ഓർത്ത് വിഷമം ഉണ്ടെന്നും എല്ലാവരോടും പരസ്പരം സഹായിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ഗോകുലം കേരള എഫ് സി താരം ഇർഷാദ് പറഞ്ഞു. ഈ പ്രകൃതി ദുരന്തത്തിൽ നിന്ന് കേരളം പെട്ടെന്ന് കരകയറുമെന്നാണ് വിശ്വാസം അന്നും അതിനായി പ്രാർത്ഥിക്കുന്നുണ്ട് എന്ന് ക്ലബ് ക്യാപ്റ്റൻ മാർക്കസും പറഞ്ഞു.
ഗോകുലം ഇന്ന് എയർ ഫോഴ്സിനെ ആണ് നേരിടുന്നത്. ആദ്യ മത്സരത്തിൽ കേരളം ചെന്നൈയിൻ എഫ് സിയെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയിരുന്നു. അന്ന് ഹാട്രിക്കുമായി മാർക്കസ് ജോസഫ് ആയിരുന്നു തിളങ്ങിയത്. വൈകിട്ട് 3 മണിക്കാണ് മത്സരം.