ഇന്ന് യുവേഫ സൂപ്പർ കപ്പ് പോര്, ലിവർപൂളും ചെൽസിയും കൊമ്പുകോർക്കും

- Advertisement -

യുവേഫ സൂപ്പർ കപ്പിനായുള്ള പോരാട്ടം ഇന്ന് നടക്കും. ഇസ്താൻബൂളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ രണ്ട് ഇംഗ്ലീഷ് ക്ലബുകളായ ചെൽസിയും ലിവർപൂളും ആണ് ഏറ്റുമുട്ടുന്നത്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായാണ് ലിവർപൂൾ യുവേഫ സൂപ്പർ കപ്പിന് എത്തുന്നത്. കഴിഞ്ഞ യൂറോപ്പ ലീഗ് ജയിച്ചാണ് ചെൽസി എത്തുന്നത്‌. ട്രാൻസ്ഫർ ബാൻ ഉൾപ്പെടെ ഒരുപാട് പ്രതിസന്ധിയിലാണ് ചെൽസി ഉള്ളത്.

സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ വൻ പരാജയവും ചെൽസിക്ക് ആശങ്ക നൽകുന്നു. ഹസാർഡ് പോയതും ഒരു നല്ല സ്ട്രൈക്കർ ഇല്ലാത്തതും ചെൽസിയുടെ പ്രശ്നമാണ്. ഒപ്പം ഡിഫൻസിൽ പരിചയസമ്പത്ത് കുറവായതും ചെൽസിക്ക് വിനയാകുന്നു. പുതിയ പരിശീലകൻ ലമ്പാർഡിന് ഇന്ന് വിജയിച്ച് ടീമിന്റെ ആത്മവിശ്വാസം തിരികെ കൊണ്ടു വരേണ്ടതുണ്ട്. ഇന്ന് മധ്യനിര താരം കാന്റെ ഇല്ലാതെയാകും ചെൽസി ഇറങ്ങുന്നത്. വില്യനും റൂദിഗറും ഇറങ്ങുന്നതും സംശയമാണ്.

മറുവശത്ത് ലിവർപൂൾ ഇന്ന് മാനെയെ ആദ്യ ഇലവനിൽ ഇറക്കും. പ്രീമിയർ ലീഗിൽ വൻ വിജയത്തോടെയാണ് ലിവർപൂൾ തുടങ്ങിയത്. ഇന്ന് വിജയിച്ച് സീസണിലെ ആദ്യ കപ്പ് സ്വന്തമാക്കൽ ആകും ക്ലോപ്പിന്റെ ലക്ഷ്യം. അലിസന്റെ പരിക്ക് മാത്രമാണ് ലിവർപൂളിന്റെ പ്രശ്നം. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക. തത്സമയം കളി സോണി നെറ്റ്വെർക്കിൽ കാണാം.

Advertisement