ശിശുരോഗ രോഗ വിദഗ്ദ്ധ ഫുട്ബോൾ – തിരുവനന്തപുരത്തെ തോൽപ്പിച്ച് കോഴിക്കോട് ജേതാക്കളായി

കോഴിക്കോട്: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെയും(IAP), നാഷണൽ നിയോ നാട്ടൽ ഫോറം(NNF)ത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റ് കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രശസ്തരായ ശിശുരോഗ വിദഗ്ദ്ധരുടെ പങ്കാളിത്തം കൊണ്ടും ഡോക്ടർമാരുടെ കളി അഴക് കൊണ്ടും ജന ശ്രദ്ധയാകർശിച്ചു. കോഴിക്കോട് മലാപറമ്പിലെ ലജന്റ് സ്പോർട്സ് അക്കാദമിയുടെ സിന്തറ്റിക് ടർഫിലാണ് മത്സരങ്ങൾ അരങ്ങേറിയത്.കേരളത്തിലെ അറിയപ്പെടുന്ന ശിശുരോഗ വിദഗ്ദ്ധർ മാത്രം അണി നിരന്ന ടൂർണ്ണമെന്റിൽ ട്രാവൻകൂർ ടൈറ്റൻസ് തിരുവനന്തപുരം, സ്ട്രൈക്കേഴ്സ് പത്തനംതിട്ട, ബ്ലൂ റൈഡേഴ്സ് കൊച്ചിൻ, തൃശൂർ ടസ്ക്കേഴ്സ്, സാംബാ സ്റ്റാർസ് മലപ്പുറം, റെഡ് ഡെവിൾസ് കാലിക്കറ്റ്, മലബാർ വാരിയേർസ് കണ്ണൂർ എന്നീ ഏഴു ടീമുകളാണ് യഥാക്രമം മൂന്നും നാലും ടീമുകളുള്ള A, B ഗ്രൂപ്പുകളിയാലായി പരസ്പ്പരം ഏറ്റുമുട്ടിയത്.

ഇരു ഗ്രൂപ്പുകളിൽ നിന്നും ഒന്നാം സ്ഥാനക്കാരായെത്തിയ ട്രാവൻകൂർ ടൈറ്റൻസും റെഡ് ഡെവിൾസ് കാലിക്കറ്റും തമ്മിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ട്രാവൻകൂർ ടൈറ്റൻസിനെ പരാജയപ്പെടുത്തി റെഡ് ഡെവിൾസ് കാലിക്കറ്റ് ജേതാക്കളായപ്പോൾ ലൂസേഴ്സ് ഫൈനലിൽ ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാരായെത്തിയ ബ്ലൂ റൈഡേഴ്സ് കൊച്ചിയും സാംബാ സ്റ്റാർസ് മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്ലൂ റൈഡേഴ്സ് കൊച്ചിയെ കീഴ്പ്പെടുത്തി സാംബാ സ്റ്റാർസ് മലപ്പുറം മൂന്നാം സ്ഥാനം നേടി.

ടൈറ്റൻ ട്രാവൻകൂറിന്റെ സ്ട്രൈക്കർ ഡോ.നൗഷിദ് ടൂർണ്ണമെന്റിലെ ഏറ്റവും മികച്ച കളിയ്ക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്ക്കാരത്തിന് അർഹനായി.

സമാപന ചടങ്ങിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നാഷണൽ സെക്രട്ടറി ജനറൽ ഡോ.രമേശ് മുഖ്യാഥിതിയായി സംബന്ധിച്ചു, കേരളാ ഐ.എ.പി സെക്രട്ടറി ഡോ.റിയാസ്, ടൂർണ്ണമെന്റ് ഓർഗനൈസിങ് കമ്മിറ്റി ഭാരവാഹികളായ ഡോ.വിഷ്ണു, ഡോ. നിഹാസ് നഹ തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.

ചാമ്പ്യൻമാരായ റെഡ് ഡെവിൾസ് കാലിക്കറ്റ് ടീം
രണ്ടാം സ്ഥാനക്കാരായ ട്രാവൻകൂർ ടൈറ്റൻസ് ടീം
മൂന്നാം സ്ഥാനക്കാരായ സാംബാ സ്റ്റാർസ് മലപ്പുറം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial