ഫൈനലില്‍ പിഴച്ച് വിന്‍ഡീസ് ബോര്‍‍ഡ് ടീം, കാനഡയില്‍ ജേതാക്കള്‍ നൈറ്റ്സ്

ടൂര്‍ണ്ണമെന്റിലെ ഏറ്റവും അധികം വിജയങ്ങള്‍ സ്വന്തമാക്കിയ ടീമായിട്ട് കൂടി ഫൈനലില്‍ കാലിടറി വിന്‍ഡീസ് ബോര്‍ഡ് ടീം. ഫൈനലില്‍ വാന്‍കോവര്‍ നൈറ്റ്സിനോട് കിരീടം അടിയറവു പറഞ്ഞ ടീം തങ്ങളുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ക്ക് നീതി പുലര്‍ത്തുന്ന കളി പുറത്തെടുക്കാന്‍ കഴിയാതെ പിന്നോട് പോകുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബോര്‍ഡ് ടീം 145 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഫാബിയന്‍ അലന്‍ 23 പന്തില്‍ 41 റണ്‍സ് നേടിയാണ് 145 റണ്‍സിലേക്ക് ടീമിനെ എത്തിച്ചത്. മറ്റു താരങ്ങള്‍ക്കാര്‍ക്കും തന്നെ വേണ്ടത്ര മികവ് പുലര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ ടീം 17.4 ഓവറില്‍ ഓള്‍ഔട്ട് ആയി. ഷെല്‍ഡണ്‍ കോട്രെല്‍ നാല് വിക്കറ്റും ഫവദ് അഹമ്മദ് മൂന്നും നേടി നൈറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി. സാദ് ബിന്‍ സഫറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

നൈറ്റ്സിന്റെ തുടക്കം പാളിയെങ്കിലും സാദ് ബിന്‍ സഫര്‍-റാസി വാന്‍ ഡെര്‍ ഡൂസന്‍ കൂട്ടുക്കെട്ടിന്റെ പ്രകടനം നൈറ്റ്സിനെ 7 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു. 22/3 എന്ന നിലയില്‍ നിന്ന് 126 റണ്‍സ് കൂട്ടുകെട്ട് നേടിയാണ് സഖ്യം ടീമിനെ ജയത്തിലേക്ക് നയിച്ചത്. 48 പന്തില്‍ 79 റണ്‍സ് നേടി സാദും ഡൂസന്‍ 44 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. വിന്‍ഡീസ് ബോര്‍ഡ് ടീമിനു വേണ്ടി ദെര്‍വാല്‍ ഗ്രീന്‍ രണ്ടും ജെറ്മിയ ലൂയിസ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial