കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഫുട്ബോളിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടന്ന മൂന്നാം ക്വാർട്ടർ ഫൈനലിൽ എഫ്.സി.സി മലപ്പുറത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2 – 1) പരാജയപ്പെടുത്തി കരുവൻതിരുത്തി ബാങ്കും നാലരയ്ക്ക് നടന്ന നാലാം ക്വാർട്ടർ ഫൈനലിൽ ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് എഫ്.സി കൽപ്പകഞ്ചേരിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3 -1) പരാജയപ്പെടുത്തി പീസ് വാലി നെടിയിരുപ്പും സെമിയിൽ പ്രവേശിച്ചു.
കരുവൻ തിരുത്തി ബാങ്ക് – എഫ്.സി.സി മലപ്പുറം മത്സരത്തിൽ ബാങ്കിന് വേണ്ടി തമിഴ്നാട് സന്തോഷ് ട്രോഫി താരം അലി സഫ്വാനും എഫ്.സി.സിക്ക് വേണ്ടി കേരളാ സന്തോഷ് ട്രോഫി താരം നസ്രുദ്ദീനും നൈജീരിയൻ താരങ്ങളായ സീസെയും ഏണെസ്റ്റും ബൂട്ടണിഞ്ഞു. കളിയിലുടനീളം മേധാവിത്വം പുലർത്തിയ ബാങ്കിന് വേണ്ടി മുഷ്ഫിഖും ആസിഫും ഗോൾ നേടിയപ്പോൾ എഫ്.സി.സിയ്ക്ക് വേണ്ടി പാലക്കാട്ടുകാരൻ അക്ഷയ്‌യാണ് ഗോൾ നേടിയത്.
പീസ് വാലി – എഫ് സി കൽപ്പകഞ്ചേരി മത്സരത്തിൽ പീസ് വാലിയ്ക്ക് വേണ്ടി ദിൽറൂപ് രണ്ടു ഗോളുകളും ഷാഹിദ് ഒരു ഗോളും നേടിയപ്പോൾ എഫ്.സി കൽപ്പകഞ്ചേരിയ്ക്ക് വേണ്ടി ജൈസലാണ് ഗോൾ നേടിയത്.
ഇന്ന് (19-12-2019 വ്യാഴം) വൈകുന്നേരം നാല് മണിയ്ക്ക് നടക്കുന്ന ഒന്നാം സെമി ഫൈനലിൽ ലൂക്കാ സോക്കർ ക്ലബ്ബ് മലപ്പുറം ന്യൂ സോക്കർ മലപ്പുറത്തെ നേരിടും.(നാളെ 20-12-2019 വെള്ളിയാഴ്ച്ച) വൈകിട്ട് നാല് മണിയ്ക്ക് രണ്ടാം സെമി ഫൈനലിൽ ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ വിജയികളായ കരുവൻതിരുത്തി ബാങ്കും പീസ് വാലി നെടിയിരുപ്പും തമ്മിൽ ഏറ്റുമുട്ടും.