കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് നടന്ന ക്വാർട്ടർ മത്സരങ്ങളിൽ ടൈബ്രേക്കറിലൂടെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിനെ മറികടന്ന് (6 – 5) ലൂക്കാ സോക്കർ ക്ലബ്ബ് മലപ്പുറവും ആതിഥേയരായ നെഹ്റു യൂത്ത് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് (2-1) മറികടന്ന് ന്യൂ സോക്കർ എഫ്.എ മലപ്പുറവും സെമിയിൽ പ്രവേശിച്ചു.
കളിയിലുടനീളം അൽപ്പം മുൻതൂക്കമുണ്ടായിരുന്നിട്ടും 1-1 ന്റെ സമനില വഴങ്ങിയതിനെ തുടർന്ന് നടന്ന ടൈബ്രേക്കറിൽ തങ്ങളുടെ അവസാന കിക്ക് ലൂക്കാ സോക്കർ ഗോൾകീപ്പർ തടഞ്ഞിട്ടതാണ് ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായ ഇ.എം.ഇ.എ കോളേജിന് സെമി പ്രവേശം നിഷേധിയ്ക്കപ്പെട്ടത്.
അവസാന നിമിഷം വരെ 1-1 സമനിലയിലായിരുന്ന രണ്ടാം ക്വാർട്ടറിൽ നെഹ്റു യൂത്ത് ക്ലബ്ബ് അരിമ്പ്രയ്ക്ക് ന്യൂ സോക്കറിനെതിരെ വിനയായത് തങ്ങളുടെ തലയിൽ നിന്ന് തന്നെ വീണ സെൽഫ് ഗോളായിരുന്നു. മുഖ്യാതിഥിയായ തമിഴ്നാട് സന്തോഷ് ട്രോഫി താരം അലി സഫ്വാൻ കളിക്കാരുമായി പരിചയപ്പെട്ടു.
നാളെ ഉച്ചയ്ക്ക് ശേഷം രണ്ടര മണിയ്ക്കും നാല് മണിയ്ക്കും നടക്കുന്ന മൂന്നും നാലും ക്വാർട്ടർ ഫൈനലുകളിൽ യഥാക്രമം കരുവൻതിരുത്തി ബാങ്ക് കോഴിക്കോട് എഫ്.സി.സി മലപ്പുറത്തേയും ഗ്രാന്റ് ഹൈപ്പർമാർക്കറ്റ് എഫ്.സി കൽപ്പകഞ്ചേരി പീസ് വാലി സ്പോർട്സ് ക്ലബ്ബ് നെടിയിരുപ്പിനെയും നേരിടും.