കൊണ്ടോട്ടി: അരിമ്പ്ര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ യുടെയും മിഷൻ സോക്കർ അക്കാദമിയുടെയും അരിമ്പ്ര സ്പോർട്സ് ലവേഴ്സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അരിമ്പ്ര ബാപ്പു ആന്റ് കലന്തൻ ഹാജി മെമ്മോറിയൽ ഇന്റർ ക്ലബ്ബ്സ് ആന്റ് കോളേജിയേറ്റ് ഇലവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ ഈ വർഷത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻമാരായ ഇ.എം.ഇ.എ കോളേജ് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് (5 -1) സി.വൈ.സി കൊണ്ടോട്ടിയെ പരാജയപ്പെടുത്തി.
ഇന്നലെ വൈകിട്ട് നടന്ന മത്സരത്തിൽ ലൂക്കാ സോക്കർ ക്ലബ്ബ് ഏക പക്ഷീയമായ രണ്ട് ഗോളുകൾക്ക് (2-0) മുള്ളൂർക്കര എഫ്.എ തൃശൂരിനെയും പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
മൊറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലീം മാസ്റ്റർ ടൂർണ്ണമെന്റ് ഉൽഘാടനം ചെയ്തു,ഗ്രാമ പഞ്ചായത്തഗം എൻ.കെ ഹംസ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.കുഞ്ഞാലൻ കുട്ടി, എം.വിലാസിനി ടീച്ചർ,എൻ.കെ ഇബ്രാഹിം, എം അസ്ലം ഖാൻ, മുൻ ജില്ലാ വോളിബോൾ ടീം ക്യാപ്റ്റൻ കെ.എം അബ്ദുലത്തീഫ്, കെ.എം ഹംസ ഹാജി, താനൂർ ഫിഷറീസ് ടെക്നിക്കൽ സ്കൂൾ പ്രിൻസിപ്പൽ ഭാസ്ക്കരൻ, എം.ടി മുഹമ്മദ്, വി.ടി ഷംസു എന്നിവർ സംബന്ധിച്ചു.
ഇന്ന് നടക്കുന്ന മത്സരങ്ങളിൽ രാവിലെ ഏഴ് മണിക്ക് ന്യൂ സോക്കർ മലപ്പുറം ഡ്രീംസ് സ്പോർട്സ് അക്കാദമി കൊടിഞ്ഞിയേയും, ഉച്ചയ്ക്ക് ശേഷം രണ്ടര മണിയ്ക്ക് നെഹ്റു യൂത്ത് ക്ലബ്ബ് അരിമ്പ്ര കെ.വൈ.ഡി എഫ് കൊണ്ടോട്ടിയേയും നാലരയ്ക്ക് എം.ഐ.സി.കോളേജ് അത്താളിക്കൽ എഫ്.സി.സി മലപ്പുറത്തെയും നേരിടും.