മുൻ ഉറുഗ്വേ ക്യാപ്റ്റൻ ഡീഗോ ഗോഡിൻ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്നലെ വെലെസ് സാർസ്‌ഫീൽഡിന്റെ സീസണിലെ അവസാന അർജന്റീന ലീഗ് മത്സരത്തിൽ ഹുറാക്കനോട് 1-0 തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് പ്രഖ്യാപനം വന്നത്. ഗോഡിൻ 627 പ്രൊഫഷണൽ മത്സരങ്ങൾ കളിക്കുജയും 38 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. തന്റെ കരിയറിൽ 10 കിരീടങ്ങളും താരം നേടി. രണ്ട് യൂറോപ്പ ലീഗ് ട്രോഫികളും മൂന്ന് യുവേഫ സൂപ്പർ കപ്പുകളും ഇതിൽ ഉൾപ്പെടുന്നു.
ഗോഡിന്റെ ഫുട്ബോൾ ജീവിതം 2003-ൽ തന്റെ ജന്മനാടായ ഉറുഗ്വേയിലെ സിഎ സെറോയിൽ നിന്നാണ് ആരംഭിച്ചത്. സ്പെയിനിലെ വിയ്യറയലിലൂടെ ആയിരുന്നു യൂറോപ്പിലേക്ക് എത്തിയത്. 2010-ൽ, അദ്ദേഹം അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു, അവിടെ അദ്ദേഹം ഒമ്പത് സീസണുകൾ കളിച്ചു. ടീം ക്യാപ്റ്റനും ആയിരുന്നു.
ഇറ്റലിയിലെ ഇന്റർ മിലാൻ, കാഗ്ലിയാരി എന്നിവിടങ്ങളിലും താരം കളിച്ചു. അതിനു ശേഷം ബ്രസീലിലെ അത്‌ലറ്റിക്കോ മിനെറോയിലും എത്തി. 2022 മധ്യത്തിൽ ആയിരുന്നു ഗോഡിൻ വെലെസ് സാർസ്ഫീൽഡിൽ ചേർന്നു.
അന്താരാഷ്ട്രതലത്തിൽ, ഗോഡിൻ 161 തവണ ഉറുഗ്വേയെ പ്രതിനിധീകരിച്ചിട്ടുണ്ട്. നാല് ലോകകപ്പ് ടൂർണമെന്റുകളിലും പങ്കെടുത്തു. 2011ൽ ഉറുഗ്വേക്ക് ഒപ്പം കോപ്പ അമേരിക്ക കിരീടം നേടിയിരുന്നു.