അർജന്റീനൻ താരം ഡി മരിയയുടെ ഹാട്രിക്കിന്റെ ബലത്തിൽ യുവന്റസ് പ്ലേ ഓഫ് കടന്ന് യൂറോപ്പ പ്രീക്വാർട്ടറിലേക്ക്. ഡി മരിയയുടെ അതിശയകരമായ പ്രകടനത്തിൽ, പ്ലേ ഓഫ് മത്സരത്തിന്റെ രണ്ടാം പാദത്തിൽ നാന്റസിനെ 3-0 ന് പരാജയപ്പെടുത്തിയാണ് യുവന്റസ് യൂറോപ്പ ലീഗിൽ മുന്നേറിയത്. ആദ്യ പാദം 1-1 എന്ന സമനിലയിൽ ആയിരുന്നു അവസാനിച്ചത്. യുവന്റസിനായി ഇന്ന് ഡി മരിയ തന്റെ ആദ്യ ഹാട്രിക്ക് നേടി.
ആറാം മിനിറ്റിൽ ഒരു അത്ഭുത ഇടംകാൽ സ്‌ട്രൈക്കിലൂടെയാണ് ഡി മരിയ സ്‌കോറിങ്ങിന് തുടക്കമിട്ടത്. ഈ സീസണിൽ യൂറോപ്പ ലീഗ് കണ്ട ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. പിന്നീട് 20-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ഡി മരിയ യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി.
നാന്റസിന്റെ ധീരമായ പ്രയത്‌നം ഉണ്ടായിരുന്നിട്ടും, മത്സരത്തിലുടനീളം യുവന്റസ് തങ്ങളുടെ ആധിപത്യം നിലനിർത്തി, 78-ാം മിനിറ്റിൽ വ്‌ലഹോവിചിന്റെ അസിസ്റ്റിൽ നിന്ന് ഡി മരിയ തന്റെ ഹാട്രിക് തികച്ചു. നാന്റസിനെ സംബന്ധിച്ചിടത്തോളം, അവരുടെ ഡിഫൻഡർ പാലോയിസ് 16-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് തിരിച്ചടിയായത്. ഈ സീസണിൽ ലീഗിൽ കഷ്ടപ്പെടുന്ന യുവന്റസിന് ഈ ഫലം വലിയ ആശ്വാസമാകും.