ഫ്രഞ്ച് പടയുടെ ലോകകപ്പിലെ കുതിപ്പ് ചരിത്രം സൃഷ്ടിക്കുന്നതിന് പടിവാതിൽക്കൽ എത്തി മെസ്സിക്കും സംഘത്തിനും മുന്നിൽ തട്ടി തകർന്നതിന് പിറകെ ദേശിയ ടീം പരിശീലക സ്ഥാനത്ത് മാറ്റങ്ങൾ ഉണ്ടാകുമോ എന്ന് ഉറ്റു നോക്കുകയാണ് ഏവരും. തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് ടീമിനെ നയിച്ച ദിദിയർ ദെഷാംപ്സ് ടീമിൽ തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
അദ്ദേഹത്തിന്റെ നിലവിലെ കരാർ ഡിസംബർ 31 ഓടെ അവസാനിക്കും. അതിനാൽ തന്നെ തൽസ്ഥാനത്ത് തുടരണം എന്നുണ്ടെങ്കിൽ പുതിയ കരാർ ചർച്ചകൾ ആരംഭിക്കേണ്ടതായിട്ടുണ്ട്. അതേ സമയം ദെഷാംപ്സിന്റെ തീരുമാനത്തിനാണ് സിനദിൻ സിദാനും കാത്തിരിക്കുന്നത് എന്ന് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ’ എക്വിപ്പെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അദ്ദേഹം പടിയിറങ്ങുകയാണെങ്കിൽ മുൻ സഹതരത്തിന്റെ പിൻഗാമിയായി നേരത്തെ തന്നെ പറഞ്ഞു കേൾക്കുന്ന സിദാൻ എത്തും എന്നുള്ള കാര്യത്തിൽ സംശയമില്ല.
ഫ്രഞ്ച് പരിശീലക സ്ഥാനത്ത് തുടരുകയാണെങ്കിൽ അടുത്ത ലോകകപ്പ് വരെ എങ്കിലും കാലാവധി അനുവദിക്കണം എന്നാവും ദെഷാംപ്സിന്റെ നിബന്ധന എന്നും സൂചനകളുണ്ട്. അങ്ങനെ എങ്കിൽ സിദാൻ വീണ്ടും ക്ലബ്ബ് ഫുട്ബോളിലേക്ക് തന്നെ മടങ്ങേണ്ടിയും വരും. ഇതിനും അദ്ദേഹം സന്നദ്ധനാണ്. നേരത്തെ പിഎസ്ജി അടക്കമുള്ള ക്ലബ്ബുകൾ സിദാനെ എത്തിക്കാൻ ശ്രമിച്ചിരുന്നു. പരിശീലക സ്ഥാനത്തേക്ക് ഉടനെ മടങ്ങി വരും എന്ന സൂചനകളും അദ്ദേഹം നൽകിയിരുന്നു.
പ്രഗത്ഭരായ യുവതാരങ്ങൾ നിറഞ്ഞ ടീമിനെ അടുത്ത ലോകകപ്പിലേക്കും നയിക്കാൻ ദെഷാംപ്സ് തീരുമാനിച്ചാൽ അത്ഭുതമില്ല. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷനും അതിന് വഴങ്ങിയേക്കും. പക്ഷെ മറിച്ചാണ് തീരുമാനമെങ്കിൽ റയലിനൊപ്പം അത്ഭുതങ്ങൾ തീർത്ത സിസുവിന്റെ തന്ത്രങ്ങൾ ഫ്രഞ്ച് ടീമിനോടൊപ്പം കാണാം.