എട്ടിൽ എട്ടു വിജയം, വഴങ്ങിയത് പൂജ്യം ഗോൾ, ഡെന്മാർക്ക് ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

Newsroom

ജർമ്മനിക്ക് പിന്നാലെ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായി ഡെന്മാർക്ക് മാറി. ഇന്നലെ ഓസ്ട്രിയയെ പരാജയപ്പെടുത്തിയതോടെ ആണ് ഡെന്മാർക്ക് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. മറുപടി ഇല്ലാത്ത ഒരു ഗോളിനായിരുന്നു ഓസ്ട്രിയക്ക് എതിരെയുള്ള ഡെന്മാർക്കിന്റെ വിജയം. 53ആം മിനുട്ടിൽ മെഹെൽ ആണ് ഡെന്മാർക്കിന്റെ വിജയ ഗോൾ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇനിയും രണ്ടു മത്സരങ്ങൾ ശേഷിക്കെ ആണ് ഡെന്മാർക്ക് യോഗ്യത ഉറപ്പിച്ചത്.

ഈ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഡെന്മാർക്കിന്റെ പ്രകടനങ്ങൾ ഗംഭീരമായിരുന്നു. എട്ടു മത്സരങ്ങൾ ഇതുവരെ കളിച്ച ഡെന്മാർക്ക് എട്ടു മത്സരങ്ങളും വിജയിച്ചു. ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 27 ഗോളുകൾ സ്കോർ ചെയ്യാനും അവർക്കായി. യൂറോ കപ്പിലെ അവരുടെ മികച്ച പ്രകടനങ്ങളുടെ തുടർച്ചയാണ് ഈ ലോകകപ്പ് യോഗ്യത റൗണ്ടിലും കാണാൻ ആയത്.