ലണ്ടൻ: ആവേശകരമായ എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടത്തിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസ് ജേതാക്കളായി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 2-2 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ക്രിസ്റ്റൽ പാലസ് കിരീടം നേടിയത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ പുതിയ സൈനിംഗ് ഹ്യൂഗോ എകിറ്റികെ ലിവർപൂളിനായി ആദ്യ ഗോൾ നേടി. പുതിയ മറ്റൊരു സൈനിംഗ് ആയ വിർട്സിന്റെ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ വന്നത്.
എന്നാൽ 17-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ജീൻ-ഫിലിപ്പ് മാറ്റേറ്റ ക്രിസ്റ്റൽ പാലസിനെ ഒപ്പമെത്തിച്ചു. 21-ാം മിനിറ്റിൽ മറ്റൊരു പുതിയ താരം ജെറമി ഫ്രിംപോങ് ലിവർപൂളിന് വീണ്ടും ലീഡ് നൽകി. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന പാലസ് 77-ാം മിനിറ്റിൽ ഇസ്മായില സാറിന്റെ ഗോളിലൂടെ ക്രിസ്റ്റൽ പാലസ് വീണ്ടും ഒപ്പമെത്തി.
പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിന്റെ പ്രമുഖ താരങ്ങളായ മുഹമ്മദ് സലാഹ് ഉൾപ്പെടെയുള്ളവർക്ക് പിഴച്ചപ്പോൾ ക്രിസ്റ്റൽ പാലസ് താരങ്ങൾ ലക്ഷ്യം കണ്ടു. പാലസ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ മൂന്ന് സേവുകൾ ഷൂട്ടൗട്ടിൽ നേടി.
ഇത് ആദ്യമായാണ് എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് കിരീടം ക്രിസ്റ്റൽ പാലസ് സ്വന്തമാക്കുന്നത്.