കോപ്പ ഡെൽ റെ ക്വാർട്ടർ ഫൈനലിൽ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന് ജയം. ജിറോണയെ സ്വന്തം മൈതാനത്ത് 4-2 തോൽപിച്ചാണ് റയൽ രണ്ടാം പാദത്തിലേക്ക് വ്യക്തമായ ആധിപത്യം നേടിയത്. ക്യാപ്റ്റൻ സെർജിയോ റാമോസ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ വാസ്‌കേസ്, ബെൻസീമ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.
റയലിനെ ഞെട്ടിച്ചാണ് ജിറോണ മത്സരം ആരംഭിച്ചത്. 7 ആം മിനുട്ടിൽ തന്നെ ആന്റണി ലോസാനോയിലൂടെ അവർ ലീഡ് നേടി. പക്ഷെ പത്ത് മിനുട്ട് കൊണ്ട് തന്നെ വാസ്‌കേസ് റയലിനെ ഒപ്പമെത്തിച്ചു. 42 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി റാമോസ് റയലിന് ആദ്യ പകുതിയിൽ തന്നെ ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ അലക്‌സ് ഗാർനെലിന്റെ പെനാൽറ്റി ഗോളിൽ ജിറോണ സമനില പിടിച്ചതോടെ റയൽ അപകടം മണത്തെങ്കിലും മാർസെലോയുടെ പാസ്സിൽ നിന്ന് റാമോസ് റയലിന് വീണ്ടും ലീഡ് നൽകി. 80 ആം മിനുട്ടിൽ ബെൻസീമയും വല കുലുക്കിയതോടെ റയൽ ജയം ഉറപ്പിക്കുകയായിരുന്നു.