കോപ്പ ഡെൽ റെയിൽ നാണം കെട്ട് റയൽ മാഡ്രിഡ് പുറത്ത്. മൂന്നാം ഡിവിഷൻ ടീമായ അൽകായോനോട് 2-1 എന്ന സ്കോറിനാണ് സിദാന്റെ ടീം തോറ്റത്. കളി വെറും 10 പേരുമായാണ് എതിർ ടീം പൂർത്തിയാക്കിയത് എന്നത് റയലിന്റെ മുഖത്തുള്ള അടിയായി.
ആദ്യ പകുതിയിൽ ലീഡ് എടുത്ത ശേഷമാണ് മാഡ്രിഡ് കളി കൈ വിട്ടത്. മിലിറ്റവോയുടെ ഹെഡറിൽ ലീഡ് കണ്ടെത്തിയ റയലിന് പക്ഷെ രണ്ടാം പകുതിയിൽ കളി കൈവിട്ടു. കളി തീരാൻ 10 മിനുട്ട് ബാക്കി നിൽക്കെയാണ് അൽകായോനോയുടെ സമനില ഗോൾ പിറന്നത്. ഇതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ അവസാന 10 മിനുട്ട് നേരം അൽകായോനോ 10 പേരുമായാണ് കളിച്ചത്. റാമോസ് ലോപസ് ചുവപ്പ് കാർഡ് കണ്ടതോടെയാണ് ഇത്. പക്ഷെ 5 മിനിട്ടുകൾക്ക് ശേഷം വിജയ ഗോൾ നേടിയ അവർ സ്പാനിഷ് വമ്പന്മാർക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചു.