താത്ക്കാലിക പരിശീലകനായി ചുമതലയേറ്റ സോളാരിക്ക് കീഴിൽ കളിക്കാനിറങ്ങിയ റയൽ മാഡ്രിഡിന് മികച്ച ജയം. കോപ്പ ഡെൽ റേയുടെ നാലാം റൗണ്ടിലാണ് മെലിയ്യയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപ്പിച്ചത്. യുവ താരങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടാണ് സോളാരി ടീമിനയിറക്കിയത്. ബ്രസീലിയൻ വണ്ടർ കിഡ് വിനീഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങൾ സോളാരിയുടെ ആദ്യ ടീമിൽ ഉണ്ടായിരുന്നു. മത്സരത്തിൽ ഗോൾ നേടിയില്ലെങ്കിലും വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡ് നിരയിൽ മികച്ചു നിന്നു. താരത്തിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും താരത്തിന് വിനയായി.
റയൽ മാഡ്രിഡിന് വേണ്ടി 28ആം മിനുട്ടിൽ ബെൻസേമയാണ് ആദ്യ ഗോൾ നേടിയത്. ഓഡ്രിസോളയുടെ പാസിൽ നിന്നായിരുന്നു ബെൻസേമയുടെ ഗോൾ. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് അസെൻസിയോയിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയാക്കിയത്. വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നായിരുന്നു അസെൻസിയോയുടെ ഗോൾ.
രണ്ടാം പകുതിയിലും മേധാവിത്തം തുടർന്ന റയൽ മാഡ്രിഡ് ഓഡ്രിയോസോളയിലൂടെ മൂന്നാമത്തെ ഗോളും നേടി. ഇത്തവണയും ഗോളിന് പിന്നിൽ വിനീഷ്യസ് ജൂനിയറിന്റെ മികച്ച പ്രകടനമായിരുന്നു. തുടർന്ന് മത്സരത്തിന്റെ അവസാന കിക്കിൽ പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റോയിലൂടെ റയൽ മാഡ്രിഡ് ഗോൾ പട്ടിക പൂർത്തിയാക്കി.













