കുട്ടിഞ്ഞോയുടെ ആദ്യ ഗോൾ പിറന്നു, ബാഴ്സ കോപ്പ ഡെൽ റേ ഫൈനലിൽ

- Advertisement -

ഫിലിപ്പ് കുട്ടിഞ്ഞോയുടെ ആദ്യ ബാഴ്സ ഗോൾ പിറന്ന മത്സരത്തിൽ ബാഴ്സക്ക് ജയം. കോപ്പ ഡെൽ റേ രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ബാഴ്സ വലൻസിയയെ മറികടന്നത്. ജയത്തോടെ ഇരു പാദങ്ങളിലുമായി എതിരില്ലാത്ത 3 ഗോളുകൾക്ക് ജയിച്ച ബാഴ്സ ഫൈനലിൽ കടന്നു. ഫൈനലിൽ സെവിയ്യയാണ് ബാഴ്സയുടെ എതിരാളികൾ.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ഇറങ്ങിയ കുട്ടിഞ്ഞോ ഏറെ വൈകാതെ തന്നെ അതുവരെ മികച്ച രീതിയിൽ പ്രതിരോധിച്ച വലൻസിയയുടെ പ്രതിരോധം മറികടന്ന് ബാഴ്സക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തന്റെ പഴയ ലിവർപൂൾ പങ്കാളി ലൂയി സുവാരസിന്റെ പാസ്സിൽ നിന്നാണ് ബ്രസീൽ താരം തന്റെ ആദ്യ ബാഴ്സ ഗോൾ നേടിയത്. ആദ്യ പകുതിയിൽ അപ്രതീക്ഷിതമായാണ് ആദ്യ ഇലവനിൽ കുട്ടിഞ്ഞോയുടെ പകരക്കാരനായി ആന്ദ്രെ ഗോമസ് ഇടം നേടിയത്. അതേ ഗോമസിന്‌ പകരകാരനായാണ് രണ്ടാം പകുതിയിൽ കുട്ടീഞ്ഞോ ഇറങ്ങിയതും.

ബാഴ്സയുടെ രണ്ടാം ഗോളും ഒരുക്കിയത് സുവാരസായിരുന്നു. ഇത്തവണ ഫിനിഷ് ചെയ്തത് റാകിട്ടിച്ചായിരുന്നു. കൗണ്ടർ അറ്റാക്കുകളിലൂടെ ബാഴ്‌സയെ പ്രതിരോധത്തിലാക്കാൻ വലൻസിയ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താന് അവർക്കായില്ല. ബാഴ്സ ഗോളി സില്ലേഴ്‌സന്റെ മികച്ച സേവുകളും ബാഴ്സക്ക് രക്ഷയായി. 83 ആം മിനുട്ടിൽ പികെ പരിക്കേറ്റ് പുറത്തായത് യേറി മിനയുടെ ബാഴ്സ അരങ്ങേറ്റത്തിനും അവസരം കുറിച്ചു. വാൽവേർടെക്ക് കീഴിലെ ബാഴ്സയുടെ ആദ്യ ഫൈനാലാവും ഇത്തവണത്തെ കോപ്പ ഡെൽ റേ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement