കോപ്പ ഡെൽ റേയിൽ നിന്നും അത്ലെറ്റിക്കോ മാഡ്രിഡ് പുറത്ത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൂന്നാം ഡിവിഷൻ ക്ലബ്ബായ കോർണെയ്യ സിമിയോണിയുടെ അത്ലെറ്റിക്കോയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ സീസണിലെപ്പോലെ ഇത്തവണയും ലോവർ ഡിവിഷൻ ക്ലബ്ബിനോട് തോറ്റ് പുറത്ത് പോവാനാണ് അത്ലെറ്റിക്കോ മാഡ്രിഡിന്റെ യോഗം. 10 തവണ ചാമ്പ്യന്മാരായ അത്ലെറ്റിക്കോ മാഡ്രിഡിനെ അഡ്രിയാൻ ജിമിനെസിന്റെ ഏഴാം മിനുട്ടിലെ ഗോളിലാണ് കറ്റലൻ ക്ലബ്ബായ കോർണെയ്യ പരാജയപ്പെടുത്തിയത്.
കളിയുടെ രണ്ടാം പകുതിയിൽ റിക്കാർഡോ സാഞ്ചസ് ചുവപ്പ് കണ്ട് പുറത്ത് പോയത് അത്ലെറ്റിക്കോ മാഡ്രിഡിന്റെ തിരിച്ച് വരാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. കോപ ഡെൽ റേയിലെ സമീപകാലത്തെ വമ്പൻ അട്ടിമറികളിൽ ഒന്നാണിന്ന് നടന്നത്. 1500 പേർക്ക് മാത്രമിരിക്കാവുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ കോർണെയ്യയെന്ന മൂന്നാം ഡിവിഷൻ ക്ലബ്ബ് പുതിയൊരു ചരിത്രമാണെഴുതിയത്.