കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ജയം കണ്ടു മൂന്നാം സ്ഥാനം സ്വന്തമാക്കി ഉറുഗ്വേ. കാനഡയെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് അവർ മറികടന്നത്. മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോൾ ആണ് പുറത്ത് എടുത്തത്. എട്ടാം മിനിറ്റിൽ കാസെരസിന്റെ പാസിൽ നിന്നു റോഡ്രിഗോ ബെന്റകറിലൂടെ ഉറുഗ്വേ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. 22 മത്തെ മിനിറ്റിൽ മോയിസെ ബോബിറ്റോയുടെ പാസിൽ നിന്നു ഇസ്മയിൽ കോനെ കാനഡയെ മത്സരത്തിൽ ഒപ്പം എത്തിച്ചു. തുടർന്ന് അവസാന നിമിഷങ്ങളിൽ ആണ് മത്സരത്തിന് തീ പിടിച്ചത്.
80 മത്തെ മിനിറ്റിൽ ജൊനാഥൻ ഡേവിഡ് ഗോൾ നേടിയതോടെ കാനഡ ജയിക്കും എന്നു പ്രതീക്ഷയിലായി. എന്നാൽ 92 മത്തെ മിനിറ്റിൽ ഹോസെ ഹിമനസിന്റെ പാസിൽ നിന്നു രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഇതിഹാസതാരം ലൂയിസ് സുവാരസിന്റെ ഗോളിൽ ഉറുഗ്വേ പരാജയത്തിൽ നിന്നു രക്ഷപ്പെടുക ആയിരുന്നു. തുടർന്നു നടന്ന പെനാൽട്ടി ഷൂട്ട് ഔട്ടിൽ കാനഡയുടെ ഇസ്മയിൽ കോനെയുടെ പെനാൽട്ടി ഉറുഗ്വേ ഗോൾ കീപ്പർ രക്ഷിച്ചപ്പോൾ അൽഫോൻസോ ഡേവിസിന്റെ പെനാൽട്ടി ബാറിൽ തട്ടി മടങ്ങി. എന്നാൽ പെനാൽട്ടി എടുത്ത നാലു ഉറുഗ്വേ താരങ്ങളും ലക്ഷ്യം കണ്ടതോടെ ഉറുഗ്വേ കോപ്പ അമേരിക്ക മൂന്നാം സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.