ഈ കോപ്പ അമേരിക്കയിൽ തന്റെ പ്രകടനം മികച്ചതായിരുന്നില്ലെന്ന് മെസ്സി

- Advertisement -

ഇത്തവണത്തെ കോപ്പ അമേരിക്കയിൽ തന്റെ പ്രകടനം മികച്ചതായിരുന്നില്ലെന്ന് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. വെനിസ്വലയെ തോൽപിച്ച് അർജന്റീന ബ്രസീലുമായി സെമി ഫൈനൽ പോരാട്ടം ഉറപ്പിച്ചെങ്കിലും മത്സരത്തിൽ ഗോൾ നേടാൻ മെസ്സിക്കായിരുന്നില്ല. ടൂർണമെന്റിൽ മെസ്സിക്ക് ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടാനായത്. അതാവട്ടെ പരാഗ്വക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റിയിലൂടെയായിരുന്നു.

ടൂർണമെന്റിൽ ഉടനീളം അർജന്റീനക്ക് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല.  ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ അർജന്റീന രണ്ടാം മത്സരത്തിൽ പരാഗ്വയോട് സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു. അവസാന ഗ്രൂപ്പ് ഘട്ടത്തിൽ ഖത്തറിനെ തോൽപ്പിച്ചാണ് മെസ്സിയും സംഘവും ക്വാർട്ടർ ഉറപ്പിച്ചിരുന്നത്.

ഇത് തന്റെ മികച്ച കോപ്പ അമേരിക്ക ആയിരുന്നില്ലെന്ന് പറഞ്ഞ മെസ്സി കോപ്പ അമേരിക്കക്കായി ഒരുക്കിയ ഗ്രൗണ്ടിന്റെ മോശം അവസ്ഥയെ പറ്റിയും പ്രതികരിച്ചു. ഗ്രൗണ്ടിന്റെ അവസ്ഥ വളരെ മോശമാണെന്നും  ഈ ഗ്രൗണ്ടിന്റെ സ്ഥിതി അനുസരിച്ച് അർജന്റീനക്ക് വേഗത്തിലുള്ള ഫുട്ബോൾ കളിയ്ക്കാൻ കഴിയുന്നില്ലെന്നും മെസ്സി പറഞ്ഞു.

ഇത്തരത്തിലുള്ള പിച്ചുകൾ ഫുട്ബോൾ മത്സരങ്ങൾക്ക് യോജിച്ചതല്ലെന്നും ഗ്രൗണ്ടിന്റെ അവസ്ഥ വളരെ മോശമാണെന്നും മെസ്സി പറഞ്ഞു. കഴിഞ്ഞ ദിവസം പരാഗ്വക്കെതിരെ പെനാൽറ്റിയിൽ ജയിച്ചതിന് ശേഷം ബ്രസീൽ പരിശീലകൻ ടിറ്റെയും ഗ്രൗണ്ടിന്റെ മോശം അവസ്ഥയെ വിമർശിച്ചിരുന്നു.

Advertisement