കോപ്പ അമേരിക്കയിൽ സൂപ്പർ താരം നെയ്മറിനെ ക്യാപ്റ്റനാക്കരുതെന്ന് മുൻ ബ്രസീലിയൻ പ്രതിരോധ താരം എഡ്മിൽസൺ. നെയ്മറെക്കാൾ കൂടുതൽ നേതൃപാടവവും അനുഭവ സമ്പത്തും ഉള്ള താരങ്ങൾ ബ്രസീലിയൻ ടീമിൽ വേറെ ഉണ്ടെന്നും മുൻ ബാഴ്സലോണ പ്രതിരോധ താരം കൂടിയായ എഡ്മിൽസൺ പറഞ്ഞു. തന്റെ അഭിപ്രായത്തിൽ നെയ്മറിന് ക്യാപ്റ്റൻ സ്ഥാനം നൽകേണ്ട സമയമല്ല ഇതെന്നും എന്നാൽ ഇതെല്ലം തീരുമാനിക്കേണ്ടത് പരിശീലകൻ ടിറ്റെയാണെന്നും എഡ്മിൽസൺ പറഞ്ഞു.
ലോകകപ്പ് കിരീടം നേടാനാവാതെ പോയ ടിറ്റെക്ക് സ്വന്തം നാട്ടിൽ നടക്കുന്ന കിരീടം നേടാൻ സമ്മർദ്ദം ഉണ്ടെന്നും മുൻ ബ്രസീലിയൻ താരം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിന് മുൻപും പരിക്കേറ്റ നെയ്മർ ഈ സീസണിന്റെ അവസാന ഘട്ടത്തിലും പരിക്കേറ്റ പുറത്തായിരുന്നു. എന്നാൽ കോപ്പ അമേരിക്കക്ക് മുൻപായി ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മർ കളത്തിൽ ഇറങ്ങിയിരുന്നു. നേരത്തെ പി.എസ്.ജിയുടെ പരിശീലകനായ തോമസ് ടൂഹലും നെയ്മറെ പി.എസ്.ജിയുടെ ക്യാപ്റ്റനാക്കില്ലെന്ന് പറഞ്ഞിരുന്നു. ബ്രസീലിയൻ താരങ്ങളായ തിയാഗോ സിൽവയും മാർക്വിഞ്ഞൊസുമാണ് പി.എസ്.ജിയിൽ ക്യാപ്റ്റന്മാർ.