ക്ലബ് സീസണുകൾ അവസാനിക്കുന്നു, ഇനി ആവേശം ലാറ്റിനമേരിക്കയിലേക്ക്

- Advertisement -

യൂറോപ്പിലെ ക്ലബ് പോരാട്ടങ്ങൾ അവസാന ആഴ്ചകളിലേക്ക് എത്തിയിരിക്കുകയാണ്‌. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇതിനകം തന്നെ അവസാനിച്ചിരിക്കുകയാണ്. ലാലിഗ, ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ്, സീരി എ എന്നിവയൊക്കെ അവസാന ആഴ്ചയിലേക്കും കടന്നു. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനൽ, കോപ ഡെൽ റേ, എഫ് എ കപ്പ് തുടങ്ങി ക്ലബ് ലോകത്ത് വളരെ കുറച്ച് പോരാട്ടങ്ങൾ മാത്രം. എന്നാൽ ക്ലബ് ഫുട്ബോൾ സീസൺ കഴിയുന്നതോടെ ഫുട്ബോൾ ആവേശം അവസാനിക്കും എന്ന് കരുതണ്ട.

ഫുട്ബോൾ ആരാധകരെ ആകേശത്തിൽ ആഴ്ത്താൻ കോപ അമേരിക്ക ടൂർണമെന്റ് അടുത്ത് എത്തുകയാണ്. ബ്രസീൽ ആതിഥ്യം വഹിക്കുന്ന കോപ അമേരിക്ക ജൂൺ രണ്ടാം ആഴ്ച മുതൽ ആരംഭിക്കും. ജൂൺ 14 മുതൽ ജൂലൈ 7വരെയാണ് കോപ അമേരിക്ക നടക്കുക.

12 ടീമുകളാണ് ഇത്തവണ കോപ അമേരിക്കയിൽ പങ്കെടുക്കുക. മൂന്ന് ഗ്രൂപ്പുകൾ ആയാകും പോരാട്ടം. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലാണ് ആതിഥേയരായ ബ്രസീൽ ഇടം പിടിച്ചിരിക്കുന്നത്. ബ്രസീലിന്റെ ഗ്രൂപ്പ് എയിൽ പെറു, വെനിസ്വേല, ബൊളീവിയ എന്നിവരാണ് ഉള്ളത്. ബാക്കി രണ്ട് ഗ്രൂപ്പുകളും കടുപ്പമുള്ളതാണ്. ഗ്രൂപ്പ് ബിയിലാണ് അർജന്റീന. അർജന്റീനയ്ക്ക് ഒപ്പം കൊളംബിയ, പരാഗ്വേ, ഖത്തർ എന്നിവരാണ് ഉള്ളത്. ഗ്രൂപ്പ് സിയിൽ ഉറുഗ്വേ, ചിലി, ജപ്പാൻ, ഇക്വഡോർ എന്നിവരാണ് ഉള്ളത്. ചിരവൈരികളായ ചിലിയും ഉറുഗ്വേയും തമ്മിലുള്ള പോരാട്ടമാകും ഈ ഗ്രൂപ്പിലെ പ്രധാന മത്സരം.

മെസ്സിയുടെ രാജ്യാന്തര കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോ എന്നതും, ലോകകപ്പിലെ നിരാശയ്ക്ക് ബ്രസീൽ അവസാനം കണ്ടെത്തുമോ എന്നതും ആകും കോപയിലെ പ്രധാന കാത്തിരിപ്പ്.

Advertisement