അടുത്ത മാസം നടക്കേണ്ട കോപ അമേരിക്ക ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും അർജന്റീനയിൽ വെച്ച് നടത്താൻ സന്നദ്ധത അറിയിച്ചു അർജന്റീന ഗവണ്മെന്റ്. കൊളംബിയയും അർജന്റീനയും സംയുക്തമായി നടത്തേണ്ട ടൂർണമെന്റായിരുന്നു ഇത്. എന്നാൽ ആഭ്യന്തര പ്രശ്നങ്ങൾ കാരണം കൊളംബിയ ടൂർണമെന്റ് നടത്താൻ ആകില്ല എന്ന് അറിയിച്ചിരുന്നു. ഇതിനെ തുടർന്നു കൊളംബിയയിലെ മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നു. ഇത് എവിടെ നടത്തും എന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ആശങ്കപ്പെടുമ്പോഴാണ് ടൂർണമെന്റ് ഒറ്റയ്ക്ക് നടത്താം എന്ന് അർജന്റീന പറയുന്നത്.
കൊറോണ വ്യാപനം കാരണം അർജന്റീനയിൽ ഇപ്പോൾ മുഴുവൻ ഫുട്ബോളും നിർത്തിവെച്ചിരിക്കുക ആണ്. എന്നാൽ ശക്തമായ പ്രോട്ടോക്കോൾ രാജ്യത്ത് നിലനിൽക്കുന്നതിനാൽ കോപ അമേരിക്ക നടത്താൻ തങ്ങൾക്ക് ആകും അർജന്റീന പറയുന്നു. ഇപ്പോൾ രാജ്യത്ത് ശരാശരി 35000ൽ അധികം കൊറോണ രോഗം ദിവസവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇനി കോപ അമേരിക്ക നടക്കാൻ കുറച്ച് ദിവസങ്ങൾ മാത്രമെ ഉള്ളൂ. അതുകൊണ്ട് തന്നെ മുഴുവൻ മത്സരങ്ങളും അർജന്റീനയിൽ നടത്തുമോ എന്നതിൽ ഉടൻ പ്രഖ്യാപനം വരും. ജൂൺ 13 മുതൽ ആണ് കോപ അമേരിക്ക നടക്കുന്നത്. ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു, വെനിസ്വേല എന്നീ ടീമുകൾ ഉള്ള ഗ്രൂപ്പിലെ മത്സരങ്ങൾക്കാണ് പുതിയ വേദി വേണ്ടത്. അർജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഇവർ എന്തായാലും അർജന്റീനയിൽ വെച്ച് പോരിനിറങ്ങും.