കോപ്പ അമേരിക്കയിൽ രണ്ടാം മത്സരത്തിന് ഇറങ്ങിയ ബ്രസീലിന് നിരാശയുടെ സമനില. വെനസ്വേലയാണ് കരുത്തരായ ബ്രസീലിനെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ബ്രസീൽ നേടിയ 2 ഗോളുകൾ VAR നൽകാതിരുന്നത് മത്സരത്തിൽ നിർണായകമായി.
പഴുതടച്ച പ്രതിരോധമാണ് വെനസ്വേല ബ്രസീലിനായി ഒരുക്കിയത്. ഇതോടെ കാനറികൾക്ക് ആദ്യ പകുതിയിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. ആദ്യ പകുതിയിൽ ഇരു ഗോൾ കീപ്പർമാരും പരീക്ഷിക്കപ്പെട്ടില്ല. പക്ഷെ രസന്ദം പകുതിയിൽ പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജിസൂസ് വന്നതോടെ ബ്രസീൽ ആക്രമണത്തിന് കൂടുതൽ ലക്ഷ്യ ബോധം വന്നു. ജിസൂസ് ഒരു തവണ പന്ത് വലയിലെത്തിച്ചെങ്കിലും VAR ഗോൾ നൽകിയില്ല.
മത്സരത്തിന്റെ 87 ആം മിനുട്ടിൽ കുട്ടിഞ്ഞോയുടെ ഗോളും VAR അനുവദിച്ചില്ല. ഇന്നത്തെ 1 പോയിന്റോട് കൂടി ബ്രസീൽ ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനത്താണ്. പെറുവിനെതിരെ ഒരു സമനില നേടിയാൽ തന്നെ ബ്രസീലിന് ഗ്രൂപ്പ് ജേതാക്കളായി അടുത്ത റൗണ്ടിൽ പ്രവേശിക്കാനാകും.