നാളെ പുലർച്ചെ നടക്കുന്ന കോപ അമേരിക്ക സെമി ഫൈനലിൽ അർജന്റീന കൊളംബിയയെ നേരിടും. ബ്രസീൽ അർജന്റീന എന്ന ഫുട്ബോൾ ആരാധകരുടെ സ്വപ്ന ഫൈനൽ നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെ തകർത്തു കൊണ്ടാണ് അർജന്റീന സെമി ഫൈനലിന് എത്തിയത്. ലയണൽ മെസ്സിയുടെ മികച്ച ഫോം തന്നെയാണ് അർജന്റീനയുടെ കരുത്ത്.
കഴിഞ്ഞ മത്സരത്തിലെ മനോഹര ഫ്രീകിക്ക് ഉൾപ്പെടെ നാലു ഗോളുകൾ മെസ്സി ഇതുവരെ കോപ അമേരിക്കയിൽ നേടി. ഇതു കൂടാതെ നാലു അസിസ്റ്റും മെസ്സി സംഭാവന നൽകി. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് ഫിനിഷ് ചെയ്ത അർജന്റീനയ്ക്ക് ക്വാർട്ടറിൽ ഇക്വഡോർ എന്നത് എളുപ്പമുള്ള ഫ്ക്സ്ചർ ആയിരുന്നു. എന്നാൽ സെമിയിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഉറുഗ്വേയെ മറികടന്നാണ് കൊളംബിയ സെമി ഫൈനലിന് എത്തിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന കളിയിലായിരുന്നു കൊളംബിയയുടെ വിജയം.
കൊളംബിയക്ക് ഗ്രൂപ്പ് ഘട്ടത്തിൽ അത്ര നന്നായി കളിക്കാൻ ആയിരുന്നില്ല എങ്കിലും ക്വാർട്ടറിൽ അവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാളെ അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കൊളംബിയക്ക് ആയേക്കും. ഫൈനലിൽ എത്തി 1993നു ശേഷം ആദ്യ കോപ അമേരിക്ക കിരീടമാണ് അർജന്റീന ബ്രസീലിൽ ലക്ഷ്യമിടുന്നത്.