യുഫേഫ കോൺഫറൻസ് ലീഗിൽ ഇത് വരെയുള്ള എല്ലാ മത്സരങ്ങളും ജയിച്ചു വന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ സമനില. ബെൽജിയം ടീം ഗെന്റ് ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബിനെ 1-1 എന്ന സ്കോറിനു സമനിലയിൽ തളച്ചത്. മികച്ച തുടക്കം ലഭിച്ച ഗെന്റ് ആയിരുന്നു ആദ്യ പകുതിയിൽ മികച്ച ടീം. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ഗെന്റ് ബോൾ ബോയി പെട്ടെന്ന് നൽകിയ പന്ത് കൗഫൽ ത്രോയിലൂടെ ജെറോഡ് ബോവനു നൽകി. തുടർന്ന് ബോവന്റെ പാസിൽ നിന്നു ഡാനി ഇങ്സ് വെസ്റ്റ് ഹാമിനു മുൻതൂക്കം സമ്മാനിക്കുന്ന ഗോളും നേടുക ആയിരുന്നു.
ഇത് ആദ്യമായാണ് ഇങ്സ് യൂറോപ്പിൽ ഒരു ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ ഇതിനു മുമ്പ് വെസ്റ്റ് ഹാം നേടിയ ഗോൾ ഹാന്റ് ബോളിന് അനുവദിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ ആതിഥേയർ സമനില ഗോൾ കണ്ടത്തി. മോന്റെസിന്റെ പാസിൽ നിന്നു ഹ്യുഗോ സുയിപേഴ്സ് ആണ് അവരുടെ ഗോൾ കണ്ടത്തിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഗെന്റ് പ്രതിരോധതാരം പിയറ്റ്കോവ്സ്കിയെ ലൂകാസ് പക്വറ്റയെ വീഴ്ത്തിയതിനു റഫറി ചുവപ്പ് കാർഡ് കാണിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഈ കാർഡ് പിൻവലിച്ചു. അടുത്ത ആഴ്ച ലണ്ടൻ സ്റ്റേഡിയത്തിൽ ആണ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ.