യുഫേഫ കോൺഫറൻസ് ലീഗിൽ ബോഡോയോട് ആദ്യ പാദ ക്വാർട്ടർ ഫൈനലിൽ ഏറ്റ 2-1 ന്റെ പരാജയത്തിന് രണ്ടാം പാദത്തിൽ 4-0 നു മറുപടി നൽകി ജോസെ മൗറീന്യോയുടെ റോമ. നിക്കോള സാനിയോളയുടെ ഹാട്രിക് ആണ് റോമക്ക് വലിയ ജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിൽ ടാമി എബ്രഹാം ആണ് റോമക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് 23, 29, 49 മിനിറ്റുകളിൽ ഗോളുകൾ നേടിയ സാനിയോള റോമയെ സെമിയിൽ എത്തിച്ചു. സെമിയിൽ ലെസ്റ്റർ സിറ്റിയാണ് റോമയുടെ എതിരാളി.
ആദ്യ പാദത്തിൽ 0-0 ന്റെ സമനില വഴങ്ങിയ ലെസ്റ്റർ 2-1 നു രണ്ടാം പാദത്തിൽ പി.എസ്.വിയെ വീഴ്ത്തി. 27 മത്തെ മിനിറ്റിൽ പിറകിൽ പോയ ലെസ്റ്റർ സിറ്റി 77 മത്തെ മിനിറ്റിൽ ജെയിംസ് മാഡിസൺ, 88 മത്തെ മിനിറ്റിൽ റിക്കാർഡോ പെരെയ്ര എന്നിവരുടെ ഗോളിൽ ആണ് ജയം പിടിച്ചെടുത്തത്. അതേസമയം PAOK നെ 1-0 നു മറികടന്ന മാഴ്സെയും സെമിഫൈനലിൽ എത്തി. ദിമിത്രി പയറ്റ് ആണ് ഫ്രഞ്ച് ടീമിന് ആയി ഗോൾ നേടിയത്. ഇരു പാദങ്ങളിലും ആയി 3-1 നു ആണ് മാഴ്സെ ജയം കണ്ടത്. സെമിയിൽ ഫെയൻനൂദ് ആണ് മാഴ്സയുടെ എതിരാളികൾ. സ്ലാവിയയെ ഇരു പാദങ്ങളിലും ആയി 6-4 നു ആണ് ഡച്ച് ക്ലബ് ക്വാർട്ടർ ഫൈനലിൽ മറികടന്നത്.