അർജന്റീനൻ താരം എൻസോ ഫെർണാണ്ടസിനെ ചുറ്റിപ്പറ്റിയുള്ള നീക്കങ്ങളിൽ പുതിയ വഴിത്തിരിവ്. താരത്തെ സീസണിൽ ടീമിൽ തന്നെ നിലനിർത്തുമെന്ന ബെൻഫിക്കയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിറകെ മധ്യനിര താരത്തിനായി ചെൽസി രംഗത്ത്. പോർച്ചുഗീസ് ക്ലബ്ബുമായി ചെൽസി നേരിട്ട് ചർച്ചകൾ ആരംഭിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. താരത്തിന് വേണ്ടി ഉയർന്ന തുക മുടക്കാനും ചെൽസി തയ്യാറാണ്. റിലീസ് ക്ലോസ് ആയ 120 മില്യൺ യൂറോ കിട്ടിയാൽ മാത്രമേ എൻസോയെ വിട്ടു നൽകൂ എന്നാണ് ബെൻഫിക്കയുടെ നിലപാട്. താരത്തിന് ചെൽസിയിലേക്ക് ചേക്കേറുന്നതിന് താല്പര്യമുള്ളതായും സൂചനകൾ ഉണ്ട്.
മധ്യനിരയിൽ മികച്ച താരങ്ങളെ തേടുന്ന ചെൽസി എന്ത് വില കൊടുത്തും എൻസോയെ എത്തിക്കാൻ ശ്രമിച്ചേക്കും. ജോർജിഞ്ഞോ, എംഗോളോ കാന്റെ എന്നിവരുടെ കരാർ സീസണോടെ അവസാനിക്കും എന്നതിനാൽ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്തേക്ക് പകരക്കാരെ എത്തിക്കേണ്ടതും ആവശ്യമാണ്. നേരത്തെ ലിവർപൂൾ, മാഞ്ചസ്റ്റർ, മാഡ്രിഡ് എന്നീ ടീമുകളെല്ലാമായി ചേർന്ന് താരത്തിന്റെ പേര് പറഞ്ഞു കെട്ടിരുന്നെങ്കിലും ആരും ഇതുവരെ ഓഫർ സമർപ്പിച്ചട്ടില്ല. എൻസോയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ കച്ചവടമാക്കിയേക്കും എന്ന ക്ലബ്ബ് പ്രസിഡന്റ് റൂയി കോസ്റ്റയുടെതായി വന്ന വാക്കുകൾക്ക് പിറകെ ഇത് നിഷേധിച്ച് ബെൻഫിക ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. സീസൺ പൂർത്തിയാവുന്നത് വരെ താരത്തെ ക്ലബ്ബിൽ നിലനിർത്താൻ ആണ് തങ്ങളുടെ തീരുമാനം എന്നും ബെൻഫിക്ക അറിയിച്ചു.