ഇംഗ്ലീഷ് ക്ലബായ വാറ്റ്ഫോർഡ് വീണ്ടും പരിശീലകനെ പുറത്താക്കിയിരിക്കുകയാണ്. സെർബിയൻ പരിശീലകനായ വ്ലാദിമർ ഇവിച് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഹഡേഴ്സ്ഫീൽഡിനോട് വാറ്റ്ഫോർഡ് തോറ്റതോടെയാണ് ഈ പുറത്താക്കൽ. ഇവിചിന് കീഴിൽ നല്ല പ്രകടനങ്ങൾ ആയിരുന്നു വാറ്റ്ഫോർഡ് ഇതുവരെ നടത്തി കൊണ്ടിരുന്നത്. ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണ് വാറ്റ്ഫോർഡ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബൗണ്മതിനേക്കാൾ നാലു പോയിന്റ് മാത്രം പിറകിൽ.
എന്നാൽ വാറ്റ്ഫോർഡ് കടുത്ത തീരുമാനം തന്നെ എടുത്തു. നാലു മാസം മാത്രമേ ഇവിച് ചുമതലയേറ്റിട്ട് ആയിട്ടുള്ളൂ. ഒരു വർഷത്തിനിടയിൽ വാറ്റ്ഫോർഡ് പുറത്താക്കുന്ന നാലാമത്തെ പരിശീലകൻ ആണ് ഇവിച്. കഴിഞ്ഞ സീസണിൽ ഹാവി ഗ്രാസിയ, സാഞ്ചെസ് ഫ്ലോറസ്, പിയേഴ്സൺ എന്നിവരെ വാറ്റ്ഫോർഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.