വെയ്ൻ റൂണിയുടെ ഡെർബി ചാമ്പ്യൻഷിപ്പിൽ തന്നെ തുടരും

Derby County Wayne Rooney

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പരിശീലിപ്പിക്കുന്ന ഡെർബി കൗണ്ടി ടീം ചാമ്പ്യൻഷിപ്പിൽ തന്നെ തുടരും. ചാമ്പ്യൻഷിപ്പിന്റെ അവസാന ദിവസം സമനില പിടിച്ച് ഡെർബി റെലെഗേഷൻ ഒഴിവാക്കിയെങ്കിലും ക്ലബ്ബിൽ നടന്ന സാമ്പത്തിക തിരിമറിയുടെ പേരിൽ ക്ലബ്ബിനെതിരെ ഇ.എഫ്.എൽ നടപടി എടുത്തിരുന്നു. തുടർന്ന് ക്ലബ്ബിനെ ലീഗ് 1ലേക്ക് തരം താഴ്ത്താനുള്ള സാധ്യതയും ഉണ്ടായിരുന്നു. സാമ്പത്തിക തിരിമറിയുടെ പേരിൽ ഇ.എഫ്.എൽ ഡെർബിയുടെ മേൽ ഒരു ലക്ഷം പൗണ്ട് പിഴയും ഈടാക്കിയിരുന്നു.

ഇതിനെതിരെ ഡെർബി നൽകിയ പരാതി സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കുകയും ഡെർബിക്കെതിരെ നടപടികൾ വേണ്ടെന്നു വെക്കുകയുമായിരുന്നു. തുടർന്നാണ് ഇ.എഫ്.എൽ സ്വതന്ത്ര കമ്മീഷന്റെ നടപടിക്കെതിരെ അപ്പീൽ പോവേണ്ടെന്ന് തീരുമാനിച്ചത്. ഇതോടെയാണ് ഡെർബി ചാമ്പ്യൻഷിപ്പിൽ തന്നെ തുടരുമെന്ന് ഉറപ്പായി. അതെ സമയം കൂടുതൽ ശിക്ഷ നടപടികൾ ഒഴിവാക്കാൻ ഓഗസ്റ്റ് 18ന് മുൻപ് ഇ.എഫ്.എല്ലിന് മുൻപിൽ പുതിയ കണക്കുകൾ ഡെർബി സമർപ്പിക്കണം.