പ്രീമിയർ ലീഗ് ആരാധകർക്ക് അല്ലെങ്കിൽ ഇംഗ്ലീഷ് ഫുട്ബോൾ ആരാധകർക്ക് അത്ര എളുപ്പം മറക്കാവുന്ന ഒരു ക്ലബ് അല്ല ബോൾട്ടൻ വാണ്ടെറേസ്. 1888 ൽ രൂപീകൃതമായ 145 വർഷത്തെ പാരമ്പര്യമുള്ള ഒരു ക്ലബ് ആ ക്ലബ് ആണ് ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിനിൽക്കുന്നത്. ഉടമസ്ഥതയെ കുറിച്ചുള്ള പ്രശ്നങ്ങൾ ആണ് ക്ലബിന്റെ അന്ത്യത്തിലേക്ക് തന്നെ നയിക്കുന്നതിന് ഇടയാക്കുന്നത്. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് പ്രീമിയർ ലീഗിൽ ഏഴാമതും യൂറോപ്യൻ ഫുട്ബോൾ കളിക്കുകയും ചെയ്ത ഒരു ക്ലബാണ് ഇന്ന് ഇത്രയും വലിയ പ്രതിസന്ധിയിൽ നിൽക്കുന്നത് എന്നത് വലിയ ഹൃദയവേദനയോടെയാണ് ബോൾട്ടൻ ആരാധകർ നോക്കി കാണുന്നത്.
ഇപ്പോൾ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ക്ലബിന് ഇത് വരെ പുതിയ ഉടമകളെ കണ്ടു പിടിക്കാൻ ആയിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ 22 വർഷത്തിനിടെ ഏറ്റവും കുറവ് ആരാധകരുടെ സാന്നിധ്യത്തിൽ എപ്സ്വിച്ചിനെതിരെ സ്വന്തം മൈതാനത്ത് തുടർച്ചയായ മൂന്നാം തവണയും 5 ഗോളുകൾക്ക് തോൽവി വഴങ്ങിയിരുന്നു ബോൾട്ടൻ. പലപ്പോഴും മത്സരിക്കാൻ അണ്ടർ 17 താരങ്ങളെ പോലും ഇറക്കേണ്ട ദുർവിധി ക്ലബ് നേരിട്ടു, ഈ മത്സരത്തോടെ പരിശീലകനും ക്ലബ് വിട്ടപ്പോൾ ക്ലബിന്റെ ഏകപ്രതീക്ഷ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ക്ലബ് ഏറ്റടുക്കൽ ആയിരുന്നു.
എന്നാൽ ഏതാണ്ട് പുതിയ ഉടമകൾ ക്ലബ് ഏറ്റെടുക്കും എന്നിടത്ത് നിന്നു ഈ ഉടമ്പടി നടക്കാതെ വന്നപ്പോൾ ക്ലബിന് മുന്നിൽ മറ്റ് വഴികൾ ഇല്ലായിരുന്നു. ഫുട്ബോൾ ഫെഡറേഷൻ പുതിയ ഉടമകളെ കണ്ടത്താൻ കൊടുത്ത 14 ദിവസത്തെ കാലാവധി ഇന്ന് അവസാനിക്കാൻ ഇരിക്കെ ക്ലബ് പൂട്ടാതിരിക്കാൻ അത്ഭുതങ്ങൾ തന്നെ സംഭവിക്കണം. ഇനി ഒരു ഉടമ്പടി ഉണ്ടാക്കി പുതിയ ഉടമകളെ കണ്ടത്താൻ ക്ലബിന് സാധിക്കാതെ വന്നാൽ ബുധനാഴ്ച മുതൽ ക്ലബ് അടച്ച് പൂട്ടാനുള്ള നടപടികൾ ആരംഭിക്കേണ്ടി വരും. ഇതോടെ ഏതാണ്ട് 150 തോളം ക്ലബ് ജോലിക്കാർക്ക് ജോലി നഷ്ടപ്പെടുമ്പോൾ ക്ലബ് സ്റ്റേഡിയം അടക്കം ലേലത്തിൽ വക്കാൻ അധികൃതർ നിർബന്ധിതമാകും. ക്ലബിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ച ആരാധകർക്ക് താങ്ങാവുന്നതിലും അധികമാവും ഈ വാർത്ത.